ജമ്മു കശ്മീരിൽ പട്രോളിംഗിനിടയിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. പ്രദേശത്ത് വെടിവെയ്പ് ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (എസ്പിഒ) കാണാതായി. ബുധനാഴ്ച ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം. റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയ ശേഷം ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരെയും കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. സംഭവദിവസം പകൽ പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ട്. കാണാതായതിന് തൊട്ടുപിന്നാലെ ഇവരുടെ മൊബൈൽ ഫോണുകൾ റിംഗ് ചെയ്തിരുന്നെങ്കിലും, പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നു. പൊലീസും സുരക്ഷാ സേനയും സംയുക്തമായി പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, കിഷ്ത്വാറിൽ അടുത്തിടെ മറ്റൊരു എസ്പിഒയും സമാനമായ രീതിയിൽ കാണാതാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 16-നാണ് വാനിപോര ട്രിഗാമിലെ വീടിന് സമീപം ബഷീർ അഹമ്മദ് (55) എന്ന എസ്പിഒയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെദിൽ പൊലീസ് പോസ്റ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ സർവീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. ഭൂമി തർക്കത്തെ തുടർന്ന് ബന്ധുക്കൾ തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Comments ()