മക്കൾ വിദേശത്ത്, മുംബൈയിൽ ഒറ്റയ്ക്ക് താമസം; മലയാളി വയോധിക കൊല്ലപ്പെട്ട നിലയിൽ
ഭാൻവജിലെ കാർമൽ സ്കൂളിന് സമീപമുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലും ശരീരത്തിൽനിന്ന് രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം
മുംബൈ: മലയാളി വയോധികയെ മുംബൈയിലെ ഫ്ലാറ്റിനുള്ളിൽ കൈകാലുകൾ കെട്ടിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവ് സ്വദേശിനി മഹേശ്വരി രാമചന്ദ്രൻ (71) ആണ് കൊല്ലപ്പെട്ടത്. പനവേലിക്ക് സമീപം ഖൊപ്പോളിയിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം.
ഭാൻവജിലെ കാർമൽ സ്കൂളിന് സമീപമുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലും ശരീരത്തിൽനിന്ന് രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മഹേശ്വരിയുടെ ഭർത്താവ് വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കർ നേരത്തെ മരണപ്പെട്ടിരുന്നു. മക്കൾ മൂന്നുപേരും വിദേശത്തായതിനാൽ ഏറെക്കാലമായി ഇവർ ഫ്ലാറ്റിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരൂവെന്നാണ് പൊലീസിന്റെ വിശദീകരണം.
Comments ()