പ്രവാസികൾക്ക് സ്നേഹത്തണലായി 'ആശ്രയം ബഹ്‌റൈൻ'; ആദ്യ കാരുണ്യ സംരംഭത്തിന് തിരിതെളിഞ്ഞു
വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങളുടെ ക്ഷേമം മുൻനിർത്തി വൈവിധ്യമാർന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി
മനസ്സിൽ നന്മയുടെ വെളിച്ചവും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകണമെന്ന നിശ്ചയദാർഢ്യവുമായി പ്രവർത്തനം ആരംഭിച്ച 'ആശ്രയം ബഹ്‌റൈൻ' കൂട്ടായ്മയുടെ ആദ്യ കാരുണ്യ സംരംഭത്തിന് വിജയകരമായ തുടക്കം. തിരുവോണ ദിനത്തിൽ എസിഎംഇ (ACME) ക്യാമ്പിലെ അന്തേവാസികളായ പ്രവാസി സഹോദരങ്ങൾക്ക് സ്നേഹനിർഭരമായ ഓണസദ്യ ഒരുക്കിക്കൊണ്ടാണ് സംഘടന തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തിരിതെളിച്ചത്.
രക്ഷാധികാരി സെയ്ദ് ഹനീഫ, വൈസ് പ്രസിഡന്റ് അലീന അഗസ്റ്റിൻ, ചാരിറ്റി കോഡിനേറ്റർ അനീഷ് ആലപ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുതിരി, മുസ്തഫ, അബ്ദുള്ള എന്നിവർ ചേർന്ന് സദ്യ വിതരണത്തിനും അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകി. പ്രവാസലോകത്ത് പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് തണലും കൈത്താങ്ങുമാവുക എന്ന വലിയ ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ കൂട്ടായ്മയുടെ ഭാരവാഹികൾ, വരുംദിവസങ്ങളിലും പ്രവാസി സഹോദരങ്ങളുടെ ക്ഷേമം മുൻനിർത്തി കൂടുതൽ വൈവിധ്യമാർന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കൂടാതെ, തങ്ങളുടെ ഈ ആദ്യ ചുവടുവെപ്പ് വലിയ വിജയമാക്കി മാറ്റാൻ ആത്മാർത്ഥമായി സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്ത എല്ലാ അംഗങ്ങൾക്കും ആശ്രയം കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
Comments ()