ഓണാഘോഷത്തിലെ 'ചരട് പിന്നിക്കളി' വിവാദത്തിൽ: ബഹറൈൻ കേരളീയ സമാജത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം
കുട്ടികൾ കയറിൽ തൂങ്ങി കിടന്നുള്ള 'ചരട് പിന്നിക്കളി' ആണ് വിവാദമായത്.
ബഹറൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന 'ചരട് പിന്നിക്കളി'യിൽ (പിന്നൽ തിരുവാതിര) കുട്ടികളെ അപകടകരമായ രീതിയിൽ പങ്കാളികളാക്കിയ സംഭവം വലിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നു. കുട്ടികളെ കയറിൽ തൂക്കി ഉയരത്തിൽ നിർത്തി, ദേഹത്ത് ചരട് പിന്നിയെടുക്കുന്ന പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നത്. നൃത്തം തീരുന്നതുവരെ കുട്ടികൾ കയറിലും രക്ഷിതാക്കളുടെ ചുമലിലും തൂങ്ങിക്കിടക്കുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ, വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം കണ്ട് തെറ്റിദ്ധരിച്ചാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും കൃത്യമായ പരിശീലനത്തിന് ശേഷവും രക്ഷിതാക്കളുടെ പൂർണ്ണ മേൽനോട്ടത്തിലുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും സമാജം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി ഈ പരിപാടി നടക്കുന്നുണ്ടെന്നും കാണികൾക്കോ മാതാപിതാക്കൾക്കോ യാതൊരു പരാതിയുമില്ലെന്നും ഭരണസമിതി വിശദീകരിച്ചു. എങ്കിലും, കുട്ടികളില്ലാതെ തന്നെ ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്ന ഈ കലാരൂപത്തിൽ എന്തിനാണ് കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിലുള്ള പരീക്ഷണം നടത്തിയത് എന്ന ചോദ്യം ശക്തമായി നിലനിൽക്കുകയാണ്. സമാജം തന്നെ പങ്കുവെച്ച ഇതേ കളിയുടെ മറ്റ് വീഡിയോകളിൽ കുട്ടികളെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതും ഇതിനോടൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments ()