അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി; മിനി കൂപ്പർ ഡ്രൈവറുടെ ദൃശ്യങ്ങൾ കണ്ടെത്തി

അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു

അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി; മിനി കൂപ്പർ ഡ്രൈവറുടെ ദൃശ്യങ്ങൾ കണ്ടെത്തി

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ച അപകടത്തിൽ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി പൊലീസ്. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം സാധ്യമാകൂവെന്നും അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ബിയർ മാത്രമാണ് കഴിച്ചതെന്ന് സുഹൈൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മൂന്ന് ബാറുകളിൽ കയറി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. അപകടത്തിന് മുമ്പ് ഉച്ചമുതൽ തന്നെ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് രാത്രി 12 മണിയോടെ ഖത്തറിൽനിന്നെത്തുന്ന സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് ഇയാൾ പുറപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

രാജഗിരിയിൽ ബികോം വിദ്യാർഥിയാണ് സുഹൈൽ. അതേസമയം, അമിതവേഗത്തിൽ എത്തിയ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് യാത്രക്കാരെ തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.