രാഹുൽ ഗാന്ധിക്കെതിരായ കേസ്; സർക്കാരിനെതിരെ ഇരട്ടനീതി ആരോപിച്ച് ആർ ശ്രീലേഖ
പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപവും രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപവും രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്ന വിഷയമായി കാണുമ്പോൾ, രാഹുൽ ഗാന്ധിയെക്കുറിച്ച് പരാതി ലഭിച്ചാൽ കലാപാഹ്വാനത്തിന് കേസെടുക്കുന്നുവെന്നാണ് ശ്രീലേഖയുടെ വിമർശനം. പൊലീസിന്റെ നടപടികളിൽ ഒരേ മാനദണ്ഡമല്ല പിന്തുടരുന്നതെന്നും അവരുടെ കുറിപ്പിൽ ആരോപിക്കുന്നു.
പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ലഹരിമരുന്ന് അമിതമായി ഉപയോഗിക്കുന്നവരിൽ കാണുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ പ്രകടിപ്പിക്കുന്നതെന്നായിരുന്നു പരാമർശം. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് പുനലൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ശ്രീലേഖയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരമാണ് നടപടി. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ് ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
Comments ()