കലൂരിൽ യുവതിയുടെ വസ്ത്രം വലിച്ചുകീറി ഉപദ്രവിക്കാന് ശ്രമം, ഇടുക്കി സ്വദേശി അറസ്റ്റില്
പ്രതിയുടെ മോശം സ്വഭാവം കാരണം യുവതി അകന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
കൊച്ചി: കലൂരിൽ നടന്നുപോകുകയായിരുന്ന യുവതിയെ പിന്തുടർന്ന് ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവാണ് (21) എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
മുൻ പരിചയക്കാരായിരുന്ന പ്രതിയും യുവതിയും തമ്മിൽ പ്രതിയുടെ സ്വഭാവദൂഷ്യം കാരണം നേരത്തെ അകന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ 14-ന് വൈകിട്ട് ആറുമണിയോടെ കലൂർ ആസാദ് റോഡിൽ വെച്ചായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്രതി തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ മുഖത്തടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത എറണാകുളം ടൗൺ നോർത്ത് പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. തുടർന്ന് കലൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ.ഒ, സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഹരീഷ്, എ.എസ്.ഐ സുനിൽ ജലീൽ, എസ്.സി.പി.ഒ പ്രശാന്ത് ബാബു, സി.പി.ഒ ഹരീഷ് ബാബു എന്നിവരാണ് ഉണ്ടായിരുന്നത്.
Comments ()