‘എന്തുവന്നാലും വീട്ടുകാർ നോക്കും’; അത്താണി അപകടത്തിന് പിന്നാലെ യുവാവിനെതിരെ നാട്ടുകാരുടെ വെളിപ്പെടുത്തൽ
ഇന്ന് പുലർച്ചെ വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ അത്താണി സിഗ്നലിന് സമീപം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ തെറിച്ചുവീണു
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മൂന്ന് സ്കൂട്ടർ യാത്രക്കാരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് മുൻപും അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്ന വീഡിയോ സുഹൈൽ സജീവ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അപകടത്തിൽ ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ അത്താണി സിഗ്നലിന് സമീപം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ തെറിച്ചുവീണു. സ്കൂട്ടറിനെ കാർ ഏകദേശം 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ഉടൻതന്നെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കാക്കരയിൽ ജോലി ചെയ്യുന്ന ഇവർ ചായ കുടിക്കാനായി വിമാനത്താവളത്തിന് സമീപമെത്തിയതായിരുന്നു. മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. പാലക്കാട് സ്വദേശിനിയാണ് ഗോപിക, ദേവിക വയനാട് സ്വദേശിനിയും ഇജാസ് കർണാടക സ്വദേശിയുമാണ്.
കാർ അമിതവേഗത്തിലായിരുന്നുവെന്ന് നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടർ അരുണ് കെ.വി. വ്യക്തമാക്കി. ഡ്രൈവറുടെ ലഹരി ഉപയോഗസാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള സുഹൈൽ സജീവിനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അപകടത്തിനുശേഷം നാട്ടുകാർ പിടികൂടിയപ്പോൾ എന്തുവന്നാലും വീട്ടുകാർ നോക്കിക്കൊള്ളുമെന്ന തരത്തിൽ യുവാവ് പ്രതികരിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ് ഇയാളെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.
Comments ()