എണ്ണ ശേഖരം 5–7 ദിവസത്തേക്ക് മാത്രം; സൗദിയിലെ ആക്രമണം ആഗോള വിപണിയിൽ ആശങ്ക വർധിക്കുന്നു

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം ഇതിനകം വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ സൗദിയുടെ പ്രധാന ബദൽ മാർഗം കൂടി തടസ്സപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്

എണ്ണ ശേഖരം 5–7 ദിവസത്തേക്ക് മാത്രം; സൗദിയിലെ ആക്രമണം ആഗോള വിപണിയിൽ ആശങ്ക വർധിക്കുന്നു

റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ വിതരണ സംവിധാനത്തിന് നേരെയുണ്ടായ ആക്രമണം ആഗോള ഊർജ വിപണിയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന ഏകദേശം 1,200 കിലോമീറ്റർ ദൈർഘ്യമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴിയാണ് പ്രതിദിനം 40 ലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്ത് എത്തിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം ഇതിനകം വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ സൗദിയുടെ പ്രധാന ബദൽ മാർഗം കൂടി തടസ്സപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. യാൻബുവിൽ നിലവിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ മാത്രം മതിയാകുന്ന ഏകദേശം 3.5 കോടി ബാരൽ എണ്ണ ശേഖരമുണ്ടെന്നാണ് റിപ്പോർട്ട്.

പൈപ്പ്‌ലൈൻ പുനഃസ്ഥാപിക്കാൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ വേണ്ടിവന്നേക്കുമെന്നാണ് വ്യവസായ മേഖലയിലെ വിലയിരുത്തൽ. ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ സൗദി പുറത്തുവിട്ടിട്ടില്ല. അതേസമയം, യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദിയുടെ എണ്ണ ഉൽപ്പാദനവും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റിൽ പ്രതിദിന ഉൽപ്പാദനം 62.4 ലക്ഷം ബാരലായി താഴ്ന്നു. ജൂലൈയിലെ 81 ലക്ഷം ബാരലുമായി താരതമ്യം ചെയ്യുമ്പോൾ 19 ലക്ഷം ബാരലിന്റെ കുറവാണിത്. ഹോർമുസ് മേഖലയിലെ തടസ്സങ്ങൾക്കിടെ സൗദി യാൻബുവിനെ ആശ്രയിച്ച് കയറ്റുമതി തുടരാൻ ശ്രമിച്ചിരുന്നെങ്കിലും പുതിയ ആക്രമണം ആ ബദൽ സംവിധാനത്തിനും തിരിച്ചടിയായിരിക്കുകയാണ്.

എണ്ണ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരാനുള്ള സാധ്യത ശക്തമാണ്. ഇതിന്റെ പ്രതിഫലനം ആഗോള ഇന്ധനവിലയിലും പണപ്പെരുപ്പത്തിലും ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കനുസരിച്ച് ഈ വർഷം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 57 ലക്ഷം ബാരലിന്റെ വരെ കുറവുണ്ടാകാം. ഇതിനുപുറമെ, ചെങ്കടൽ മേഖലയിലെ കപ്പൽ ഗതാഗതത്തിനുള്ള പുതിയ സുരക്ഷാ ഭീഷണികളും പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ്. പ്രധാന എണ്ണ വിതരണ പാതകൾ ഒന്നിന് പിന്നാലെ ഒന്നായി തടസ്സപ്പെടുന്നത് ആഗോള ഊർജ വിപണിക്ക് വലിയ വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തൽ.