160 കിലോ ഖാത്തുമായി അതിർത്തി കടക്കാൻ ശ്രമം; സൗദി അറേബ്യയിൽ എട്ട് വിദേശികൾ അറസ്റ്റിൽ

ജീസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞത്. പിടിയിലായവർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച എത്യോപ്യൻ സ്വദേശികളാണെന്ന് അധികൃതർ വ്യക്തമാക്കി.

160 കിലോ ഖാത്തുമായി അതിർത്തി കടക്കാൻ ശ്രമം; സൗദി അറേബ്യയിൽ എട്ട് വിദേശികൾ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ജീസാനിൽ അതിർത്തി വഴി കടത്താൻ ശ്രമിച്ച 160 കിലോഗ്രാം ഖാത്ത് പിടിച്ചെടുത്തതായി അതിർത്തി രക്ഷാസേന അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജീസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞത്. പിടിയിലായവർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച എത്യോപ്യൻ സ്വദേശികളാണെന്ന് അധികൃതർ വ്യക്തമാക്കി.

പരിശോധനയിൽ പ്രതികളുടെ കൈവശമുണ്ടായിരുന്ന 160 കിലോഗ്രാം നിരോധിത ലഹരി സസ്യമായ ഖാത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായവർക്കെതിരെ ആവശ്യമായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായി അതിർത്തി രക്ഷാസേന അറിയിച്ചു. തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി പ്രതികളെയും പിടിച്ചെടുത്ത ലഹരി ശേഖരവും ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.