ജെൻ Z യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമം’; രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് രാജിക്കാര്യം അറിയിച്ചിരുന്നുവെന്നും ഭുവനേശ്വറിലെ ജിഎം സർവകലാശാലയിലെ പരിപാടിക്കിടെ പ്രധാൻ വ്യക്തമാക്കി. യുവാക്കളോട് തനിക്ക് വിരോധമില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ആശങ്കകൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന്റെ കാരണം വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ. ജെൻ Z യുവാക്കളെ ചിലർ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് രാജിക്കാര്യം അറിയിച്ചിരുന്നുവെന്നും ഭുവനേശ്വറിലെ ജിഎം സർവകലാശാലയിലെ പരിപാടിക്കിടെ പ്രധാൻ വ്യക്തമാക്കി. യുവാക്കളോട് തനിക്ക് വിരോധമില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ആശങ്കകൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജി വ്യക്തിപരമായ നിരാശയുടെ ഭാഗമായിരുന്നില്ലെന്നും മന്ത്രി സ്ഥാനം തനിക്ക് വലിയ പ്രാധാന്യമുള്ള ഒന്നായി കണ്ടിരുന്നില്ലെന്നും പ്രധാൻ വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുകയെന്നും അവരുടെ സ്വപ്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒഡിഷയിലെത്തിയ ധർമ്മേന്ദ്ര പ്രധാന് ബിജെഡി യുവജന-വിദ്യാർഥി വിഭാഗങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവന്നു. വിമാനത്താവളത്തിന് സമീപം പ്രതിഷേധക്കാർ ‘ഗോ ബാക്ക്’ മുദ്രാവാക്യം മുഴക്കി.
തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ നവീൻ പട്നായിക്കാണെന്ന് പ്രധാൻ ആരോപിച്ചു. യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഒഡിഷയിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിൽ താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
താൻ കർഷകന്റെ മകനാണെന്നും തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടാലും വീണ്ടും ഒഡിഷയിലേക്ക് വരുമെന്നും പ്രധാൻ പ്രതികരിച്ചു.
Comments ()