ആറ്റുകാലില്‍ യുവതിയുടെ മരണം: വിവാഹ സ്വർണം വിറ്റ് പണം ചെലവഴിച്ചു,പണയം വെക്കൽ എതിർത്തപ്പോൾ മർദനം, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
വിവാഹത്തിന് നൽകിയ 50 പവൻ സ്വർണത്തിൽ ഭൂരിഭാഗവും ഭർത്താവ് വിറ്റതായി കുടുംബം ആരോപിക്കുന്നു. ബാക്കി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ യുവതി എതിർത്തതിനെ തുടർന്ന് ശാരീരികമായി ഉപദ്രവിച്ചുവെന്നും ബന്ധുക്കൾ പറയുന്നു
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ശാരീരികവും മാനസികവുമായ പീഡനം, സാമ്പത്തിക ദുരുപയോഗം തുടങ്ങിയവയാണ് ആരോപണങ്ങൾ.
വിവാഹത്തിന് നൽകിയ 50 പവൻ സ്വർണത്തിൽ ഭൂരിഭാഗവും ഭർത്താവ് വിറ്റതായി കുടുംബം ആരോപിക്കുന്നു. ബാക്കി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ യുവതി എതിർത്തതിനെ തുടർന്ന് ശാരീരികമായി ഉപദ്രവിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവങ്ങൾ പുറത്തറിയാതിരിക്കാൻ യുവതിയെ കുടുംബത്തിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും അകറ്റിയിരുന്നുവെന്നും ആരോപണമുണ്ട്.
വാഹനം വാങ്ങുന്നതിനും വിനോദ യാത്രകൾക്കുമായി ഭാര്യയുടെ സ്വർണം വിറ്റാണ് ഭർത്താവ് പണം ഉപയോഗിച്ചിരുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ ഭർത്താവിന് മുൻപ് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ആ ബന്ധം വിവാഹ നിശ്ചയത്തിലേക്കെത്തിയിരുന്നുവെന്നും പിന്നീട് അത് ഉപേക്ഷിച്ചാണ് ആരതിയുമായുള്ള വിവാഹമെന്നും കുടുംബം പറയുന്നു.
ഭർത്താവിൽ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവതിക്ക് പീഡനം നേരിട്ടിരുന്നുവെന്ന് പൊലീസ് പ്രാഥമികമായി നിഗമനം ചെയ്തിട്ടുണ്ട്. കയ്യിലും താടിയിലും മുറിവേറ്റ ചിത്രങ്ങൾ യുവതി അമ്മയ്ക്ക് വാട്‌സാപ്പ് വഴി അയച്ചിരുന്നതും അന്വേഷണത്തിൽ നിർണായകമായതായി പറയുന്നു.
മരണത്തിന് മുമ്പ് എഴുതിയതായി കരുതുന്ന കുറിപ്പിൽ ഭർത്താവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫോർട്ട് പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് ഡയറി കണ്ടെത്തിയെങ്കിലും അതിലെ പല പേജുകളും കീറിമാറ്റിയ നിലയിലായിരുന്നു. അന്വേഷണം തുടരുകയാണ്.
Comments ()