പകൽച്ചൂട് ശക്തമാകുന്നു,കുട്ടികളെ പുറത്തിറക്കരുത്, സ്കൂൾ അസംബ്ലികൾ ഒഴിവാക്കണമെന്ന് നിർദേശം

അമിതമായ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്

പകൽച്ചൂട് ശക്തമാകുന്നു,കുട്ടികളെ പുറത്തിറക്കരുത്, സ്കൂൾ അസംബ്ലികൾ ഒഴിവാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്നും നാളെയും കേരളത്തിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ.

അമിതമായ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്. ചൂടിന്റെ ആഘാതം ഒഴിവാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

ചൂട് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകൽ നേരിട്ട് വെയിൽ ഏൽക്കരുത്:
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ യാത്രകളാണെങ്കിൽ പോലും മുൻകരുതലുകൾ സ്വീകരിക്കണം.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക:
ശരീരത്തിൽ ജലാംശം കുറയുന്നത് തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ശുദ്ധജലത്തിന് മുൻഗണന നൽകണമെന്നും നിർദേശമുണ്ട്. യാത്ര ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കൈയിൽ കരുതണം.

ചില പാനീയങ്ങൾ ഒഴിവാക്കണം:
പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഇവ നിർജലീകരണത്തിന് കാരണമാകാം.

വസ്ത്രധാരണത്തിലും ശ്രദ്ധ:
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. പുറത്തിറങ്ങുമ്പോൾ ചെരുപ്പിനൊപ്പം കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിർദേശിച്ചു.

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക:
ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുന്നതും ഗുണകരമാണ്.

സ്ഥാപനങ്ങൾ പ്രത്യേക മുൻകരുതൽ എടുക്കണം

മാർക്കറ്റുകളിലും മാലിന്യകേന്ദ്രങ്ങളിലും തീപിടിത്ത സാധ്യത:
കടുത്ത ചൂടിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ, ഡംപിംഗ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിനും തീ അതിവേഗം പടരുന്നതിനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം.

വനമേഖലയിൽ കാട്ടുതീ ഭീഷണി:
ചൂട് വർധിക്കുന്നതോടെ കാട്ടുതീ പടരാനുള്ള സാധ്യതയും ഉയരും. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കൂടുതൽ ജാഗ്രത പാലിക്കണം. കാട്ടുതീയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കുകയും വനംവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം

കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം:
സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്ക് മതിയായ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണം.

അസംബ്ലികൾക്കും പരിപാടികൾക്കും സമയക്രമം മാറ്റാം:
കുട്ടികൾക്ക് കൂടുതൽ സമയം നേരിട്ട് വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ അനുയോജ്യമായ സമയത്തേക്ക് മാറ്റുകയോ വേണം.

വിനോദയാത്രകളിലും മുൻകരുതൽ:
സ്കൂളുകളിൽനിന്ന് കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുമ്പോൾ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിൽ ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണം. പരീക്ഷാക്കാലമാണെങ്കിൽ പരീക്ഷാഹാളുകളിലും കുടിവെള്ളം ഉറപ്പാക്കണം.

അങ്കണവാടി കുട്ടികൾക്കും സംരക്ഷണം:
അങ്കണവാടി കുട്ടികൾക്ക് അമിതമായ ചൂട് ഏൽക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരും ഉറപ്പാക്കണം.

ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ

കിടപ്പുരോഗികൾ, വയോധികർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർക്ക് പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ കുടുംബാംഗങ്ങളും പരിചരിക്കുന്നവരും ശ്രദ്ധിക്കണം.

പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർ ശ്രദ്ധിക്കണം

ഡെലിവറി ജീവനക്കാർ:
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന ജീവനക്കാരുടെ സുരക്ഷ അതത് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂടിൽ നിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കുകയും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കാൻ അവസരം നൽകുകയും വേണം.

മാധ്യമപ്രവർത്തകരും പൊലീസും:
ഫീൽഡിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണം. ജോലിക്കിടെ ആവശ്യത്തിന് കുടിവെള്ളവും ലഭ്യമാക്കണം.

കഠിന ജോലികളിൽ ഏർപ്പെടുന്നവർ:
നിർമാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് ജോലി സമയം പുനഃക്രമീകരിക്കണം. ഇടയ്ക്കിടെ വിശ്രമിക്കാനുള്ള സൗകര്യവും ഉറപ്പാക്കണം.

പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണം

സമ്മേളനങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് കുടിവെള്ളവും തണലും ലഭ്യമാക്കണം. സാധ്യമെങ്കിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇത്തരം പരിപാടികൾ നടത്തുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

മൃഗങ്ങളുടെ കാര്യത്തിലും ജാഗ്രത

ഉച്ചസമയത്ത് കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ നേരിട്ട് വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകരുതെന്നും നിർദേശമുണ്ട്.

യാത്രക്കാരും വെള്ളം കരുതണം

ചൂടേറിയ സമയത്തെ യാത്രകളിൽ ഇടയ്ക്കിടെ വിശ്രമിക്കണം. ആവശ്യത്തിന് കുടിവെള്ളം കൈയിൽ കരുതുകയും വെള്ളം പാഴാക്കാതെ ഉപയോഗിക്കുകയും വേണം. മഴ ലഭിക്കുന്ന സാഹചര്യത്തിൽ കഴിയുന്നത്ര വെള്ളം സംഭരിക്കാനും അതോറിറ്റി നിർദേശിച്ചു.

അസ്വസ്ഥത തോന്നിയാൽ ഉടൻ ചികിത്സ തേടണം

ചൂടിനെ തുടർന്ന് തലകറക്കം, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും നിർദേശത്തിൽ പറയുന്നു.