മോർച്ചറിയിൽ അന്ത്യചുംബനം നൽകവേ ശ്വാസമെടുത്ത് കുഞ്ഞ്; അഞ്ചര മണിക്കൂറിന് ശേഷം കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തി
നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ മരിച്ചെന്ന് പ്രഖ്യാപിച്ച ആശുപത്രി അധികൃതർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
അമേരിക്കയിലെ അരിസോണയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ച് മോർച്ചറിയിലേക്ക് മാറ്റിയ പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. 2026 ഫെബ്രുവരി എട്ട് സൂപ്പർ ബൗൾ ഞായറാഴ്ചയാണ് വിൻസെന്റ് എന്ന പിഞ്ചുകുഞ്ഞിന് ഈ അത്ഭുതകരമായ അനുഭവമുണ്ടായത്.
വീട്ടിലെ നീന്തൽക്കുളത്തിൽ മുഖം താഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വിൻസെന്റിനെ ഉടൻ തന്നെ ഗിൽബെർട്ടിലെ മെഴ്സി ഗിൽബെർട്ട് മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും വൈകിട്ട് 6.20-ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ രക്തത്തിലെ അമ്ലതയും ഗുരുതരാവസ്ഥയും ചൂണ്ടിക്കാട്ടി തുടർചികിത്സകൾ പ്രയോജനം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. അവസാനമായി മകന് ഉമ്മ നൽകാൻ മോർച്ചറിയിലെത്തിയ അമ്മ അലക്സസ് ഫിയോർഡിലിനോയ്ക്ക് കുഞ്ഞ് ശ്വാസമെടുക്കുന്നതായി തോന്നിയെങ്കിലും, ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച് അത് സ്വന്തം തോന്നലാകാമെന്ന് കരുതി അവർ പിൻവാങ്ങുകയായിരുന്നു. കുടുംബം ഉന്നയിച്ച ആശങ്കകൾ ആശുപത്രി അധികൃതർ അന്ന് കാര്യമായി പരിഗണിച്ചിരുന്നില്ല.
എന്നാൽ രാത്രിയോടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കൽ എക്സാമിനർ ഓഫീസിലെ ജീവനക്കാരനാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുന്നത്. വിവരമറിഞ്ഞ മാതാപിതാക്കൾ ആശ്വാസത്തോടെ കരയുകയും തുടർന്ന് കുഞ്ഞിനെ ഉടനടി ഫീനിക്സ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വൈകിട്ട് 6.20-ന് മരണം പ്രഖ്യാപിക്കുമ്പോൾ നിർണ്ണായകമായ രക്തപരിശോധനാ ഫലം ലഭിച്ചിരുന്നില്ലെന്നും, അത് 6.38-നാണ് വന്നതെന്നും മെഡിക്കൽ രേഖകൾ ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നു. നിലവിൽ ചികിത്സയിൽ തുടരുന്ന കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, ഗുരുതരമായ വീഴ്ച വരുത്തിയ ആശുപത്രി അധികൃതർക്കും ജീവനക്കാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിൻസെന്റിന്റെ കുടുംബം അറിയിച്ചു.
Comments ()