ഫ്രാൻസിൽ വൻ ജനരോഷം: അക്രമസക്തമായി പ്രതിഷേധം, 2400 പേർ അറസ്റ്റിൽ; ആയിരത്തോളം പൊലീസുകാർക്ക് പരിക്ക്

ആയിരത്തോളം പൊലീസുകാർക്ക് പരിക്ക്

ഫ്രാൻസിൽ വൻ ജനരോഷം: അക്രമസക്തമായി പ്രതിഷേധം, 2400 പേർ അറസ്റ്റിൽ; ആയിരത്തോളം പൊലീസുകാർക്ക് പരിക്ക്

ഫ്രാൻസിൽ ജീവിതച്ചെലവ് വർധന, പൊതുസേവനങ്ങളിലെ തകർച്ച, സ്കൂളുകളിലെ അധ്യാപകക്ഷാമം എന്നിവയ്‌ക്കെതിരെ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ അക്രമാസക്തമായി. കൊള്ളയും തീവെപ്പും പൊതുകെട്ടിടങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളും അരങ്ങേറിയതോടെ രാജ്യത്താകെ 2,400 പേരെ അറസ്റ്റ് ചെയ്തു. ആയിരത്തോളം പൊലീസുകാർക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രി ലോറാൻ ന്യൂനെസ് അറിയിച്ചു.

ഒക്ടോബർ 17-ന് നടന്ന പ്രക്ഷോഭത്തിൽ ഔദ്യോഗിക കണക്കുപ്രകാരം 5.5 ലക്ഷം പേരും, സംഘാടകരുടെ കണക്കിൽ എട്ടു ലക്ഷം പേരും പങ്കെടുത്തു. വിദ്യാർഥികളുടെ അടിസ്ഥാനസൗകര്യപ്രശ്നങ്ങളിൽ തുടങ്ങിയ സമരം പിന്നീട് ജീവിതച്ചെലവ്, ഇന്ധനവില, പൊതുസേവനത്തകർച്ച തുടങ്ങിയ വിഷയങ്ങളിലേക്ക് വ്യാപിക്കുകയും, തൊഴിലാളി യൂണിയനുകളും സാമൂഹിക സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലിമോജിൽ 19-ാം നൂറ്റാണ്ടിലെ നഗരസഭാ മന്ദിരത്തിന് തീപിടിച്ച് മേൽക്കൂരയും ക്ലോക്ക് ടവറും തകർന്നു. മാർസെയിൽ നഗരസഭാ മന്ദിരവും ലിയോണിലെ ടൂറിസ്റ്റ് ഓഫീസും ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ബോർദോയിൽ പ്രിഫെക്ടിന്റെ വസതിയിലും പാരിസിൽ കടകളിലും വാഹനങ്ങളിലും വ്യാപകമായ അതിക്രമങ്ങളും കൊള്ളയും നടന്നു. പാരിസിൽ ഒരു പ്രതിഷേധക്കാരൻ ഹൃദയാഘാതം മൂലം മരിച്ചതായും റിപ്പോർട്ടുണ്ട്.

ഭൂരിഭാഗം പ്രകടനങ്ങളും സമാധാനപരമായിരുന്നെങ്കിലും അക്രമിസംഘങ്ങളുടെ നുഴഞ്ഞുകയറ്റം സമരം വഴിമാറാൻ കാരണമായി. അക്രമങ്ങൾക്ക് പിന്നിൽ തീവ്ര ഇടതുപക്ഷവും ക്രിമിനൽ സംഘങ്ങളുമാണെന്ന് സർക്കാർ ആരോപിച്ചു. സംഭവത്തെ അപലപിച്ച പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആവശ്യമെങ്കിൽ പ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആരോപണപ്രത്യാരോപണങ്ങൾ ശക്തമാകുമ്പോൾ, വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്ന് ഇടതുപക്ഷ നേതാവ് ഴാൻ-ലൂക് മെലാൻഷോൺ ആവശ്യപ്പെട്ടു. അക്രമങ്ങളെ വലതുപക്ഷ നേതാവ് മറീൻ ലെ പെൻ അപലപിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ തുടങ്ങി സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയായി വളർന്ന ഈ പ്രക്ഷോഭം ഫ്രഞ്ച് സർക്കാരിന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.