ട്രംപിന്റെ യു-ടേൺ: റഷ്യൻ എണ്ണ ഉപരോധം മരവിപ്പിച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി ഒഴിവായി
ന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന വാങ്ങലുകാർക്ക് 100 ശതമാനം വരെ തീരുവ ചുമത്തപ്പെടുമെന്ന ഭീഷണി തൽക്കാലം ഒഴിവായി
രാജ്യങ്ങൾക്കെതിരായ കടുത്ത ഉപരോധങ്ങളും തീരുവകളും പ്രാബല്യത്തിൽ വരാൻ ഒരു ദിവസം മാത്രം ശേഷിക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവ മരവിപ്പിച്ചു. ഇതോടെ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന വാങ്ങലുകാർക്ക് 100 ശതമാനം വരെ തീരുവ ചുമത്തപ്പെടുമെന്ന ഭീഷണി തൽക്കാലം ഒഴിവായി. രാജ്യത്തിന്റെ ദേശീയ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് വ്യക്തമാക്കി എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ച "ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്" പ്രകാരമുള്ള നടപടികളാണ് മരവിപ്പിച്ചത്. റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവുമധികം വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ നിയമം പ്രസിഡന്റിന് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഒക്ടോബർ 18 ആയിരുന്നു സമയപരിധി. ഉപരോധം മറികടക്കാൻ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്കും സമാന തീരുവ ചുമത്താൻ വ്യവസ്ഥയുണ്ടായിരുന്നു. റഷ്യൻ ഉൽപ്പന്നങ്ങൾക്ക് 500 ശതമാനം തീരുവയും നിയമത്തിൽ ഉണ്ടായിരുന്നു. ഇതെല്ലാം ട്രംപ് ഒഴിവാക്കി.
എന്നാൽ ഇളവ് സ്ഥിരമല്ല. തീരുവകൾ റദ്ദാക്കുകയല്ല, ഉത്തരവിലെ നാലാം വകുപ്പിലൂടെ അവ തൽക്കാലം സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. തുടർനടപടി ആവശ്യമാണെന്ന് പ്രസിഡന്റോ സ്റ്റേറ്റ് സെക്രട്ടറിയോ, ട്രഷറി സെക്രട്ടറിയോടും വ്യാപാര പ്രതിനിധിയോടും ആലോചിച്ച് തീരുമാനിക്കുന്നതുവരെ ഇളവ് തുടരും. അതായത് ആവശ്യമെന്ന് തോന്നിയാൽ ഏതുസമയത്തും നടപടികൾ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരാൻ ട്രംപിന് കഴിയും. റഷ്യൻ ഊർജം ഇറക്കുമതി ചെയ്യുന്നവരെയും ഉപരോധം മറികടക്കുന്നവരെയും നിരീക്ഷിക്കാൻ ഭരണകൂടത്തിന് അദ്ദേഹം നിർദേശവും നൽകി.
ഇറാൻ യുദ്ധവും ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ആഗോള എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ധനവില നിയന്ത്രിക്കാൻ റഷ്യൻ ഊർജം പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് ഇളവിന് പിന്നിലെന്നാണ് വിലയിരുത്തൽ. റഷ്യൻ ഡീസലിനുള്ള ഉപരോധം ട്രംപ് ലഘൂകരിച്ചു. പ്രസിഡന്റ് പുടിനുമായി ഡീസൽ ഇറക്കുമതിക്ക് കരാറും പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം ടണ്ണിലധികം ഡീസൽ ഉടൻ അമേരിക്കയിലെത്തിക്കാൻ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. തുടർന്നും കൂടുതൽ ഷിപ്മെന്റുകൾ ഉണ്ടാകും.
ഇന്ത്യയെ സംബന്ധിച്ച് ഈ ഇളവ് ഏറെ നിർണായകമാണ്. 100 ശതമാനം തീരുവ നടപ്പായിരുന്നെങ്കിൽ അത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമെയാകുമായിരുന്നു. ഇത് കയറ്റുമതി മേഖലയെ വലിയ തോതിൽ ബാധിക്കുമായിരുന്നു. നേരത്തേ റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഈ വർഷം ഫെബ്രുവരിയിൽ യുഎസ്–ഇന്ത്യ വ്യാപാര ചട്ടക്കൂടിന്റെ ഭാഗമായി പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യ റഷ്യൻ എണ്ണ വീണ്ടും നേരിട്ടോ അല്ലാതെയോ വാങ്ങിയാൽ തീരുവ തിരിച്ചുകൊണ്ടുവരാമെന്ന് ട്രംപ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ തീരുമാനം. ഒക്ടോബർ 20-ന് മുംബൈയിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. ഗ്രഹാം നിയമത്തെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആശങ്ക അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ റൂബിയോയുടെ സന്ദർശനത്തിൽ ഊർജ, വ്യാപാര വിഷയങ്ങൾ പ്രധാന ചർച്ചയാകുമെന്നാണ് സൂചന.
അതേസമയം ഇളവിനെതിരെ യുഎസ് കോൺഗ്രസിൽ എതിർപ്പ് ശക്തമാണ്. ഗ്രഹാം നിയമത്തിലെ ഉപരോധങ്ങളും തീരുവകളും നടപ്പാക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെടുന്നവരുമുണ്ട്. അതിനാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ലഭിച്ച ഈ ആശ്വാസം എത്രകാലം നീളുമെന്നത് ട്രംപ് ഭരണകൂടത്തിന്റെ തുടർതീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
Comments ()