‘എനിക്ക് നൊബേല് പുരസ്കാരം മാത്രമല്ല, പുലിറ്റ്സർ പുരസ്കാരവും ലഭിക്കേണ്ടതായിരുന്നു’, ട്രംപിന്റെ പുതിയ അവകാശവാദം
സൗത്ത് കരോലിനയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് പുരസ്കാരങ്ങൾ ലഭിക്കാത്തതിലുള്ള തന്റെ നീരസം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചത്
വാഷിങ്ടൺ: നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിലുള്ള അതൃപ്തിക്ക് പിന്നാലെ പുലിറ്റ്സർ പുരസ്കാരവും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗത്ത് കരോലിനയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് പുരസ്കാരങ്ങൾ ലഭിക്കാത്തതിലുള്ള തന്റെ നീരസം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചത്. പുലിറ്റ്സർ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകളുടെ വിശ്വാസ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു.
എഴുത്തിനുള്ള പുലിറ്റ്സർ പുരസ്കാരത്തിന് താൻ അർഹനാണെന്നായിരുന്നു ട്രംപിന്റെ വാദം. റഷ്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് പുരസ്കാരം നൽകിയതിനെയും അദ്ദേഹം പരിഹസിച്ചു. റഷ്യൻ ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ തെറ്റായിരുന്നുവെന്നും അവയ്ക്ക് പുരസ്കാരം ലഭിച്ചത് അനർഹമായിട്ടാണെന്നുമാണ് ട്രംപ് ആരോപിച്ചത്.
പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികളുൾപ്പെടെ തന്റെ ഭരണനേട്ടങ്ങൾ റാലിയിൽ അദ്ദേഹം വിശദീകരിച്ചു. ബിസിനസ് രംഗത്തും രാഷ്ട്രീയത്തിലും സജീവമാകുന്നതിന് മുൻപുതന്നെ എഴുത്തിലേക്ക് കടന്ന ട്രംപ് 1987-ൽ 'ദി ആർട്ട് ഓഫ് ദി ഡീൽ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലായി അദ്ദേഹത്തിന്റെ പേരിൽ നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അമേരിക്കൻ മാധ്യമപ്രവർത്തനം, സാഹിത്യം, നാടകം, സംഗീതം തുടങ്ങിയ മേഖലകളിലെ മികവിനാണ് പുലിറ്റ്സർ പുരസ്കാരം നൽകുന്നത്.
Comments ()