കോഴിക്കോട്ട് അമ്മത്തൊട്ടിലിൽ 'നേത്ര'യെത്തി; കുഞ്ഞിന് വൻവരവേൽപ്പ്

കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര.

കോഴിക്കോട്ട് അമ്മത്തൊട്ടിലിൽ 'നേത്ര'യെത്തി; കുഞ്ഞിന് വൻവരവേൽപ്പ്

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഏഴുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 5.30-ഓടെ ലഭിച്ച 2.89 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന്, ലോക കാഴ്ച ദിനത്തിൽ എത്തിയതിനാൽ 'നേത്ര' എന്നാണ് പേരിട്ടിരിക്കുന്നത്. തൊട്ടിലിൽ കുഞ്ഞെത്തിയ ഉടൻ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങുകയും നഴ്സുമാർ ഓടിയെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച ഈ അമ്മത്തൊട്ടിൽ ഒരു വർഷം പിന്നിടുമ്പോൾ ഇവിടെ ലഭിക്കുന്ന 12-ാമത്തെ കുഞ്ഞാണ് നേത്ര. ഇതോടെ കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ എത്തിയ കുട്ടികളുടെ എണ്ണം 7 പെൺകുട്ടികളും 5 ആൺകുട്ടികളുമടക്കം 12 ആയി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലുകളിൽ ലഭിക്കുന്ന 1003-ാമത്തെ കുഞ്ഞാണ് ഇത്. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്താൻ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിലെത്തിയിരുന്നു.