തിരുവനന്തപുരത്ത് അച്ഛന്റെ മടിയിലിരുന്ന് പിഞ്ചുകുഞ്ഞിന്റെ അപകട ഡ്രൈവിംഗ്, കാര് പാഞ്ഞത് 100 കിലോമീറ്റർ വേഗതയിൽ
റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്തവർ മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ പതിവായിട്ടും തിരുവനന്തപുരം കഴക്കൂട്ടത്ത് റോഡിലെ അപകടക്കളി തുടരുന്നു. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെക്കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിപ്പിച്ചാണ് പിതാവ് കാറോടിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലെ അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈഓവറിലാണ് സംഭവം.
ഡ്രൈവർ സീറ്റിൽ പിതാവിന്റെ മടിയിലിരുന്ന് കുട്ടി സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് വാഹനം റോഡിലൂടെ പാഞ്ഞത്. സമീപത്തുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കാറിന്റെ വേഗത വീണ്ടും വർധിപ്പിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നു. കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തത്ര ഗുരുതരമായ നിയമലംഘനമായതിനാലാണ് വീഡിയോ പകർത്തിയതെന്ന് സാക്ഷികൾ പ്രതികരിച്ചു. കഴക്കൂട്ടത്ത് പതിനേഴുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ച് ഒരു ദിവസം തികയുന്നതിന് മുൻപാണ് വീണ്ടും സമാനമായ രീതിയിൽ ഉത്തരവാദിത്തമില്ലാത്ത അപകടകരമായ ഡ്രൈവിംഗ് നടന്നിരിക്കുന്നത്.
Comments ()