മകന്റെ കാർ യാത്ര അറിഞ്ഞില്ലെന്ന് ജഡ്ജി;17കാരന് 25 വയസ്സുവരെ ലൈസൻസ് തടയാൻ നീക്കം, ചേരാനെല്ലൂർ അപകടത്തിൽ അന്വേഷണം ശക്തം
ഇന്നലെ രാത്രി അന്വേഷണസംഘം മൊഴിയെടുത്തത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ കാറിന്റെ താക്കോലുമായി പോയതെന്നാണ് ജഡ്ജി മൊഴി നൽകിയതെന്നാണ് സൂചന
കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് ഇന്നലെ രാത്രി അന്വേഷണസംഘം മൊഴിയെടുത്തത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ കാറിന്റെ താക്കോലുമായി പോയതെന്നാണ് ജഡ്ജി മൊഴി നൽകിയതെന്നാണ് സൂചന. മകന് കാർ ഓടിക്കാൻ അറിയാമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി എഡിജിപി പി. വിജയൻ ഇന്ന് ചേരാനെല്ലൂരിലെത്തും. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, അപകടമുണ്ടാക്കിയ 17കാരനെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പും മുന്നോട്ടുപോകുകയാണ്. 25 വയസ്സ് തികയുന്നതുവരെ പ്രതിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നത് തടയുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സസ്പെൻഡ് ചെയ്യാനും നീക്കമുണ്ട്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് അഡീഷണൽ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പോർട്ട്ഫോളിയോ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഇതിൽ ജഡ്ജിക്ക് വീഴ്ച സംഭവിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജഡ്ജിക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇന്ന് തീരുമാനമെടുത്തേക്കും.
Comments ()