വിശ്വസ്ത ഡ്രൈവർക്ക് വീട് സമ്മാനം! 26 വർഷമായി കൂടെയുള്ള ഡ്രൈവർക്ക് പുതിയ വീട് സമ്മാനമായി നൽകി പ്രവാസി വ്യവസായി
ഞായറാഴ്ച രാവിലെ 9.30-ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വീടിന്റെ താക്കോല്‍ ദാസന് കൈമാറും.
പറവൂര്‍: കാല്‍ നൂറ്റാണ്ടിലേറെ കാലമായി കൂടെയുള്ള വിശ്വസ്തനായ ഡ്രൈവര്‍ക്ക് സ്‌നേഹസമ്മാനമായി വീട് നിര്‍മിച്ചു നല്‍കി പ്രവാസി വ്യവസായി. തത്തപ്പിള്ളി മാനടിയില്‍ സജീവനാണ് തന്റെ ദീര്‍ഘകാല ഡ്രൈവറും കുടുംബാംഗത്തെപ്പോലെ കൂടെ നില്‍ക്കുന്ന ആളുമായ പി.കെ. ദാസന് പുതിയ വീട് സമ്മാനിക്കുന്നത്. സജീവനും ഭാര്യ സുമനയും ചേര്‍ന്ന് 'കുമാരന്‍ ആന്‍ഡ് ജാനകി കുമാരന്‍ ഫൗണ്ടേഷന്റെ' നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഒരു കാലത്ത് അയല്‍വാസികളായിരുന്ന സജീവനും ദാസനും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോന്നത്. ദീര്‍ഘകാലം മലബാര്‍ മേഖലയില്‍ ജോലി നോക്കിയിരുന്ന ദാസന്‍, നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഗള്‍ഫില്‍ നിന്നെത്തുന്ന സജീവന്റെ വാടകക്കാറുകളുടെ ഡ്രൈവറായി ഒപ്പം കൂടുന്നത്. തുടര്‍ന്ന് 2001-ല്‍ സജീവന്‍ സ്വന്തമായി കാര്‍ വാങ്ങിയതോടെ ദാസനെ സ്ഥിരം ഡ്രൈവറായി നിയമിക്കുകയായിരുന്നു. സജീവന്‍ വിദേശത്തായിരിക്കുമ്പോള്‍ നാട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നതും ദാസനാണ്. 26 വര്‍ഷമായി തടസ്സമില്ലാതെ തുടരുന്ന ആത്മസൗഹൃദബന്ധമാണിത്.
സ്വന്തമായിരുന്ന വീട് ഒരു വര്‍ഷം മുമ്പ് ജീര്‍ണാവസ്ഥയിലായി പൊളിച്ചുനീക്കേണ്ടി വന്നതോടെ, ഭാര്യ നടത്തുന്ന ചായക്കടയോട് ചേര്‍ന്നുള്ള വാടകമുറിയിലായിരുന്നു ദാസന്റെ താമസം. ഇതോടെയാണ് സജീവനും ഭാര്യ സുമനയും ചേര്‍ന്ന് ദാസന് സ്വന്തമായി വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചത്.
പന്ത്രണ്ടര ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച വീടിനൊപ്പം വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഫര്‍ണിച്ചറുകളും സജ്ജീകരിച്ചാണ് സമ്മാനിക്കുന്നത്. ദാസന്റെ മൂന്ന് മക്കളില്‍ ഒരാള്‍ അബുദാബിയിലെ സജീവന്റെ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാള്‍ പുരാവസ്തു വകുപ്പിലും മകള്‍ സ്വകാര്യ സ്ഥാപനത്തിലും ജോലി നോക്കുന്നു.
'ദാസന്‍ ഞങ്ങള്‍ക്ക് കേവലമൊരു ഡ്രൈവറല്ല, കുടുംബാംഗത്തെപ്പോലെയാണ്. അതിനാല്‍ നിറഞ്ഞ സംതൃപ്തിയോടും സന്തോഷത്തോടും കൂടിയാണ് ഈ വീട് കൈമാറുന്നത്,' സജീവനും സുമനയും പറഞ്ഞു. ഞായറാഴ്ച രാവിലെ 9.30-ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വീടിന്റെ താക്കോല്‍ ദാസന് കൈമാറും.
Comments ()