ബഹ്‌റൈനിൽ ലേബർ റെയ്ഡ് ശക്തം; 547 അനധികൃത താമസക്കാരെക്കൂടി നാടുകടത്തി

സെപ്റ്റംബറിൽ മാത്രം 547 പേരെ നാടുകടത്തിയതോടെ ഈ വർഷം പുറത്താക്കപ്പെട്ടവരുടെ എണ്ണം 15,000 കവിഞ്ഞു.

ബഹ്‌റൈനിൽ ലേബർ റെയ്ഡ് ശക്തം; 547 അനധികൃത താമസക്കാരെക്കൂടി നാടുകടത്തി

മനാമ: ബഹ്‌റൈനിൽ അനധികൃതമായി താമസിക്കുന്ന വിദേശി തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കൂടുതൽ ശക്തമാക്കി. സെപ്റ്റംബറിൽ നടത്തിയ വിപുലമായ പരിശോധനകളിൽ വിവിധ രാജ്യക്കാരായ 547 അനധികൃത താമസക്കാരെ നാടുകടത്തി. ഈ കാലയളവിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ 4,675 പരിശോധനകളും 172 സംയുക്ത ക്യാമ്പെയ്‌നുകളും പൂർത്തിയാക്കി, 67 നിയമലംഘകരെ പിടിയിലാക്കി. ഗവർണറേറ്റുകൾ തിരിച്ചു നോക്കിയാൽ തലസ്ഥാന ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ സംയുക്ത റെയ്ഡുകൾ നടന്നത്, 74 എണ്ണം. മുഹറഖിൽ 57, നോർത്തേണിൽ 22, സതേണിൽ 19 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് വിഭാഗം, വിവിധ പോലീസ്‌ ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, കോസ്റ്റ് ഗാർഡ്, വാണിജ്യ-ആരോഗ്യ മേഖലകളിലെ അതോറിറ്റികൾ എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് പരിശോധനകൾ നടപ്പിലാക്കിയത്. തൊഴിൽ വിപണിയുടെ സുസ്ഥിരതയും സാമ്പത്തിക-സാമൂഹിക സുരക്ഷയും തകർക്കുന്ന ലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

2024 ജനുവരി മുതൽ ഇതുവരെ 1,45,607 പരിശോധനകളും 2,815 സംയുക്ത ക്യാമ്പെയ്‌നുകളും നടന്നു. ഇതിലൂടെ 4,304 പേരെ കസ്റ്റഡിയിലെടുക്കുകയും 15,210 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് തൊഴിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന വെബ്‌സൈറ്റ്, 17506055 എന്ന കോൾ സെന്റർ നമ്പർ, അല്ലെങ്കിൽ സർക്കാരിന്റെ തവാസുൽ ആപ്പ് എന്നിവ വഴി പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്.