വിദേശ തൊഴിലാളികൾക്ക് ആശ്വാസം: ബഹ്‌റൈനിൽ താൽക്കാലികമായി മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാം

ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്

വിദേശ തൊഴിലാളികൾക്ക് ആശ്വാസം: ബഹ്‌റൈനിൽ താൽക്കാലികമായി മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാം

ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്ക് നിലവിലെ വർക്ക് പെർമിറ്റ് നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു സ്ഥാപനത്തിൽ പരമാവധി മൂന്ന് മാസം വരെ താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) 2008-ലെ തൊഴിൽ നിയമത്തിൽ വരുത്തിയ 2026-ലെ തീരുമാന നമ്പർ 2 പ്രകാരമാണ് ഈ മാറ്റം. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.

ഈ സൗകര്യം പ്രയോജനപ്പെടുത്താൻ തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതത്തോടൊപ്പം നിലവിലെ തൊഴിലുടമയുടെയും പുതിയ സ്ഥാപനത്തിന്റെയും സമ്മതപത്രവും LMRA-യുടെ പ്രത്യേക അനുമതിയും നിർബന്ധമാണ്. തൊഴിലാളിയെ താൽക്കാലികമായി ഏറ്റെടുക്കുന്ന സ്ഥാപനത്തിന് നിലവിലെ സ്ഥാപനത്തിന് തുല്യമോ അതിനേക്കാൾ കൂടുതലോ 'ബഹ്‌റൈനൈസേഷൻ' (ദേശീയവൽക്കരണ) നിരക്ക് ഉണ്ടായിരിക്കണം; നിരക്ക് കുറവാണെങ്കിൽ LMRA ചട്ടപ്രകാരമുള്ള ഫീസ് പുതിയ തൊഴിലുടമ അടയ്ക്കേണ്ടിവരും. ഈ മൂന്ന് മാസത്തെ താൽക്കാലിക ജോലിക്കാലയളവിൽ തൊഴിലാളിയുടെ വേതനവും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കാൻ ഇരു തൊഴിലുടമകൾക്കും സംയുക്ത ഉത്തരവാദിത്തമുണ്ടായിരിക്കും.

ഒരേ ഉടമസ്ഥതയിലുള്ളതോ ഒരേ ഗ്രൂപ്പിന് കീഴിൽ വ്യത്യസ്ത കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുള്ളതോ ആയ സ്ഥാപനങ്ങൾക്കിടയിലും വിദേശ തൊഴിലാളികളെ ഇത്തരത്തിൽ താൽക്കാലികമായി മാറ്റാവുന്നതാണ്. അപേക്ഷ അംഗീകരിച്ചാൽ LMRA തൊഴിലാളിയെയും ബന്ധപ്പെട്ട തൊഴിലുടമകളെയും വിവരമറിയിക്കും. അതേസമയം, അനുമതി ലഭിച്ചിരിക്കുന്ന നിശ്ചിത ജോലിസ്ഥലത്തുമാത്രമേ തൊഴിലാളികൾ ജോലി ചെയ്യാവൂ എന്ന കർശന വ്യവസ്ഥയും പുതിയ ഭേദഗതിയിലുണ്ട്.