ബഹ്റൈനിൽ മത്സ്യവിൽപ്പനയ്ക്ക് പ്രവാസികൾക്ക് നിയന്ത്രണം
ലൈസൻസില്ലാത്ത കച്ചവടം തടയുന്നതിനൊപ്പം പ്രാദേശിക വ്യാപാരികളുടെ ഉപജീവനമാർഗം സംരക്ഷിക്കുകയാണ് ലക്ഷ്യം
ബഹ്റൈനിലെ മത്സ്യ മാർക്കറ്റുകളിൽ പ്രവാസികളുടെ കച്ചവടം നിയന്ത്രിച്ച് സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ പരിശോധിക്കുന്നു. പ്രാദേശിക വ്യാപാരികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാനും ലൈസൻസില്ലാത്ത അനധികൃത കച്ചവടങ്ങൾ തടയാനുമാണ് ഇത്.
മത്സ്യവിപണിയിലേക്ക് കടന്നുവരാൻ താൽപ്പര്യമുള്ള ബഹ്റൈനികൾക്കായി കൂടുതൽ സ്റ്റാളുകൾ മാറ്റിവെക്കാനും, നിയമലംഘനങ്ങൾ കണ്ടെത്താൻ തുടർച്ചയായ പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ട്. മുനിസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രാലയം അഭിപ്രായം തേടിയതിനെ തുടർന്ന് കൗൺസിലിന്റെ സാമ്പത്തിക, നിയമകാര്യ സമിതിയാണ് (ചെയർമാൻ: അബ്ദുൽഖാദർ മഹ്മൂദ്) വിഷയം പഠിക്കുന്നത്.
മത്സ്യവിൽപ്പനയ്ക്കുള്ള ലൈസൻസുകളിൽ സ്വദേശികൾക്ക് മുൻഗണന നൽകുക, വിദേശ തൊഴിലാളികളുടെ ആധിപത്യം നിയന്ത്രിക്കുക എന്നിവയും എം.പിമാരുടെ നിർദ്ദേശത്തിലുണ്ട്. തെരുവുകളിലും അംഗീകൃത മാർക്കറ്റുകൾക്ക് പുറത്തുമുള്ള അനധികൃത വിൽപ്പനയ്ക്കെതിരെ പരിശോധനകൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.
Comments ()