സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ ബഹ്‌റൈൻ തലസ്ഥാനത്ത് സ്ഫോടന ശബ്ദം; അമേരിക്കൻ റഡാർ ലക്ഷ്യമിട്ടെന്ന് ഇറാൻ അവകാശവാദം

സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ മൊബൈൽ ഫോണുകളിലേക്ക് അധികൃതർ സന്ദേശങ്ങൾ അയച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നായിരുന്നു നിർദേശം

സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ ബഹ്‌റൈൻ തലസ്ഥാനത്ത് സ്ഫോടന ശബ്ദം; അമേരിക്കൻ റഡാർ ലക്ഷ്യമിട്ടെന്ന് ഇറാൻ അവകാശവാദം

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ അധികൃതർ ജാഗ്രത ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട ഭീഷണി നിലവിൽ ഒഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും സുരക്ഷാ മുൻകരുതലുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ മൊബൈൽ ഫോണുകളിലേക്ക് അധികൃതർ സന്ദേശങ്ങൾ അയച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നായിരുന്നു നിർദേശം. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു.

ഇതിനിടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഡ്രോൺ ആക്രമണശ്രമം ബഹ്‌റൈൻ പ്രതിരോധിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ഇസ വ്യോമതാവളത്തിൽ അമേരിക്ക പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് ഇറാൻ അവകാശപ്പെട്ടത്. ഇറാൻ വ്യോമപരിധിയിൽ അമേരിക്കൻ സൈനിക ഡ്രോണുകൾ നടത്തിയതായി പറയുന്ന ലംഘനങ്ങൾക്ക് തിരിച്ചടിയായാണ് ആക്രമണമെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ ഔദ്യോഗിക മാധ്യമമായ 'സെപ' പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്കും യുഎസ് എംബസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് സായുധ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മേഖലയിലെ സാഹചര്യം അതിവേഗം മാറാൻ സാധ്യതയുണ്ടെന്നും എംബസി വ്യക്തമാക്കി. വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമപാതകൾ അടയ്ക്കൽ, യാത്രാ തടസ്സങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർ വിമാനത്താവളങ്ങളുടെ പ്രവർത്തനനില പരിശോധിക്കണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ മുൻകാല ഹൂതി ആക്രമണങ്ങളും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.