റോഡിലെ അപകടസാധ്യത ഇനി ഫോണിലൂടെ അറിയാം; പുതിയ അലേർട്ട് സംവിധാനം

വലിയ ട്രക്കുകൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന മേഖലകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളിൽ നേരിട്ട് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്

റോഡിലെ അപകടസാധ്യത ഇനി ഫോണിലൂടെ അറിയാം; പുതിയ അലേർട്ട് സംവിധാനം

ഫുജൈറ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ സാങ്കേതിക സംവിധാനവുമായി ഫുജൈറ പൊലീസ്. വലിയ ട്രക്കുകൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന മേഖലകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളിൽ നേരിട്ട് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

ട്രക്കുകളുടെ സാന്നിധ്യമുള്ള തിരക്കേറിയ റോഡുകളിലേക്ക് വാഹനങ്ങൾ എത്തുന്നതിന് മുമ്പുതന്നെ മൊബൈൽ ഫോണുകളിലേക്ക് സ്വമേധയാ അലേർട്ടുകൾ എത്തും. വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ സുരക്ഷിത അകലം പാലിക്കണമെന്നുമാണ് സന്ദേശത്തിലൂടെ നിർദേശിക്കുക. മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾക്ക് സമാനമായ രീതിയിലാണ് പുതിയ സംവിധാനവും പ്രവർത്തിക്കുന്നത്. അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ഡ്രൈവർമാർക്ക് ജാഗ്രത പാലിക്കാൻ അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

'വാർണിംഗ് അലേർട്ട്' എന്ന തലക്കെട്ടിലാണ് മൊബൈലുകളിൽ സന്ദേശങ്ങൾ ലഭിക്കുക. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകുന്നതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വാഹനമോടിക്കുന്നവർക്കും നിർദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാകും.

ഫുജൈറ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിന് പിന്നാലെയാണ് പുതിയ സുരക്ഷാ സംവിധാനത്തിന് പ്രാധാന്യം നൽകിയത്. അപകടത്തിൽ 14 പേർ മരിക്കുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും റോഡുകളിലെ സുരക്ഷ വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.