യുഎഇയിൽ പ്രമേഹബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 2050-ഓടെ 19 ലക്ഷം കടന്നേക്കും
രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് തടയാൻ ചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും മുൻഗണന നൽകാനാണ് അധികൃതരുടെ തീരുമാനം. പരിശോധനകൾ കൂടുതൽ വ്യാപകമാക്കുന്നതിനും രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും
ദുബൈ: യുഎഇയിൽ പ്രമേഹരോഗം വലിയ ആരോഗ്യ-സാമ്പത്തിക വെല്ലുവിളിയായി മാറുന്നതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ. നിലവിൽ രാജ്യത്തെ മുതിർന്നവരിൽ അഞ്ചിലൊരാൾ പ്രമേഹബാധിതനാണ്. ഈ സാഹചര്യം തുടർന്നാൽ 2050-ഓടെ പ്രമേഹമുള്ള മുതിർന്നവരുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന് 19 ലക്ഷമായി ഉയരാനിടയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗം മൂലം പ്രതിവർഷം ഏകദേശം 900 കോടി ദിർഹത്തിന്റെ സാമ്പത്തിക നഷ്ടവും രാജ്യത്തിനുണ്ടാകുന്നുണ്ട്.
രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് തടയാൻ ചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും മുൻഗണന നൽകാനാണ് അധികൃതരുടെ തീരുമാനം. പരിശോധനകൾ കൂടുതൽ വ്യാപകമാക്കുന്നതിനും രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും. ജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും സജീവമായ ജീവിതരീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും.
ഇതിന്റെ ഭാഗമായി 2026 മുതൽ 2030 വരെയുള്ള ദേശീയ പ്രമേഹ-അമിതവണ്ണ നിയന്ത്രണ പദ്ധതിക്ക് യുഎഇ തുടക്കമിട്ടിട്ടുണ്ട്. അടുത്ത 15 വർഷത്തിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയാൽ 32,000ത്തോളം ജീവനുകൾ രക്ഷിക്കാനും ഏകദേശം 2,000 കോടി ദിർഹത്തിന്റെ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക, പ്രമേഹരോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സഹായിക്കുന്ന നയങ്ങൾ രൂപീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. രോഗം വന്നശേഷമുള്ള ചികിത്സയേക്കാൾ നേരത്തെയുള്ള പരിശോധനയിലൂടെയും പ്രതിരോധത്തിലൂടെയും പ്രമേഹത്തിന്റെ വ്യാപനം നിയന്ത്രിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
Comments ()