ബഹ്‌റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് 'സ്മാർട്ട് ബസ്' ആപ്പ് വരുന്നു; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം
കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ആപ്പ് വഴിതന്നെ മുന്‍കൂട്ടി വിവരം നല്‍കാൻ സാധിക്കും
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ‘സ്മാർട്ട് ബസ്’ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങി ബഹ്‌റൈൻ. സ്വകാര്യ-പൊതുമേഖലാ സഹകരണത്തോടെ പ്രാദേശിക ഗതാഗത സ്ഥാപനമായ പ്ലസ് റെന്റൽ വികസിപ്പിച്ച ഈ ആപ്പ് ഈ ആഴ്ചയോടെ നിലവിൽ വരും. പദ്ധതി രാജ്യത്ത് നിർബന്ധമാക്കുന്നതിനായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം എന്നിവയുമായി പ്ലസ് റെന്റൽ അധികൃതർ ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ജുഫൈറിലെ കെ ഹോട്ടലിൽ വെച്ച് സ്കൂൾ ബസ് ഡ്രൈവർമാർക്കും അസിസ്റ്റന്റുമാർക്കും ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രഥമ ശുശ്രൂഷ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ചും പ്രത്യേക പരിശീലനവും ബോധവൽക്കരണവും നൽകി.
കുട്ടികൾ ബസിൽ കയറിയതും ഇറങ്ങിയതും തത്സമയം (Live Tracking) നിരീക്ഷിക്കാൻ മാതാപിതാക്കൾക്കും സ്കൂൾ അധികൃതർക്കും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. കൂടാതെ, കുട്ടി സ്കൂളിൽ പോകുന്നില്ലെങ്കിൽ ആപ്പ് വഴി മുൻകൂട്ടി വിവരം അറിയിക്കാനും സാധിക്കും. മുഴുവൻ കുട്ടികളും സുരക്ഷിതരായി പുറത്തിറങ്ങി എന്ന് ആപ്പിലൂടെ സ്ഥിരീകരിച്ചാൽ മാത്രമേ ജീവനക്കാർക്ക് സർവീസ് അവസാനിപ്പിക്കാൻ കഴിയൂ എന്നത് കുട്ടികളുടെ സുരക്ഷ ഇരട്ടിയാക്കുന്നു. ആദ്യഘട്ടത്തിൽ ക്യാപ്പിറ്റൽ സ്കൂൾ, നസീം ഇന്റർനാഷണൽ സ്കൂൾ, നദീൻ സ്കൂൾ, ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ എന്നീ പ്രമുഖ സ്വകാര്യ സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Comments ()