ഗൾഫ് വിപണിയിലേക്ക് ചുവടുവെച്ച് ഫോൺപേ; യുഎഇ സെൻട്രൽ ബാങ്കിന്റെ പച്ചക്കൊടി

അപേക്ഷയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ പൂർത്തിയായതിന് ശേഷമാണ് റെഗുലേറ്ററി അനുമതി ലഭിച്ചത്. റീട്ടെയിൽ പേയ്മെന്റ് സേവനങ്ങൾ, കാർഡ് സ്കീമുകൾ, സ്റ്റോർഡ് വാല്യൂ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിലാണ് പ്രവർത്തനാനുമതിക്കായുള്ള നടപടികൾ മുന്നോട്ട് പോയത്

ഗൾഫ് വിപണിയിലേക്ക് ചുവടുവെച്ച് ഫോൺപേ; യുഎഇ സെൻട്രൽ ബാങ്കിന്റെ പച്ചക്കൊടി

ദുബൈ: ഗൾഫ് വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ഫോൺപേ. യുഎഇയിൽ പേയ്മെന്റ് സേവനങ്ങൾ നടത്തുന്നതിനായി രാജ്യത്തെ സെൻട്രൽ ബാങ്കിൽ നിന്ന് രണ്ട് ലൈസൻസുകൾക്ക് കമ്പനിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചു.

അപേക്ഷയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ പൂർത്തിയായതിന് ശേഷമാണ് റെഗുലേറ്ററി അനുമതി ലഭിച്ചത്. റീട്ടെയിൽ പേയ്മെന്റ് സേവനങ്ങൾ, കാർഡ് സ്കീമുകൾ, സ്റ്റോർഡ് വാല്യൂ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിലാണ് പ്രവർത്തനാനുമതിക്കായുള്ള നടപടികൾ മുന്നോട്ട് പോയത്.

അതേസമയം, യുഎഇയിൽ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിന് മുമ്പ് ഫോൺപേയ്ക്ക് അന്തിമ റെഗുലേറ്ററി അംഗീകാരം നേടേണ്ടതുണ്ട്. ഈ നടപടിക്രമം പൂർത്തിയായ ശേഷമായിരിക്കും കമ്പനിക്ക് രാജ്യത്ത് ഔദ്യോഗികമായി പേയ്മെന്റ് സേവനങ്ങൾ അവതരിപ്പിക്കാനാകുക.

പ്രാദേശിക പേയ്മെന്റ് സംവിധാനങ്ങളുമായി സേവനങ്ങളെ ഏകോപിപ്പിക്കുന്നതിനായിരിക്കും തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഫോൺപേ പ്രധാന പരിഗണന നൽകുക. ഇതിനായി യുഎഇയിലെ ബാങ്കുകൾ, ലൈസൻസുള്ള പേയ്മെന്റ് സേവനദാതാക്കൾ, പ്രാദേശിക സാങ്കേതികവിദ്യാ കമ്പനികൾ എന്നിവരുമായി സഹകരിക്കാനാണ് പദ്ധതിയെന്ന് ഫോൺപേ അറിയിച്ചു.

അന്തിമ അനുമതി ലഭിക്കുന്നതോടെ യുഎഇയുടെ നിലവിലുള്ള പേയ്മെന്റ് അടിസ്ഥാനസൗകര്യവുമായി സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് കമ്പനി തുടക്കമിടുക. പ്രാദേശിക പങ്കാളികളുമായുള്ള സഹകരണവും ഇതിന്റെ ഭാഗമായിരിക്കും.