ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, യാത്ര ഇനി 57 മിനിറ്റിൽ!

സെപ്റ്റംബർ 30 ന് തന്നെയാണ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ ദുബായ് അൽ യലായിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും

ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, യാത്ര ഇനി 57 മിനിറ്റിൽ!

യുഎഇ ഏറെ ആവേശത്തോടെ കാത്തിരുന്ന ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് വിൽപ്പന ഔദ്യോഗിക വെബ്സൈറ്റായ etihadrail.ae വഴി ആരംഭിച്ചു. സെപ്റ്റംബർ 30-ന് സർവീസ് ആരംഭിക്കുന്നതോടെ ഇരു നഗരങ്ങൾക്കിടയിലെ യാത്രാസമയം ഏകദേശം 57 മിനിറ്റായി ചുരുങ്ങുകയും യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാകുകയും ചെയ്യും.

ഇതിനോടനുബന്ധിച്ച് ദുബായ് മെട്രോയുമായി ദേശീയ റെയിൽ ശൃംഖലയെ ബന്ധിപ്പിക്കുന്ന ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ അൽ യലായിസ് സ്റ്റേഷനും സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കും. ദുബായിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് കംഫർട്ട് ക്ലാസിന് 39 ദിർഹവും പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് കുറഞ്ഞ നിരക്ക്.

മുൻപ് ജൂണിൽ ആരംഭിച്ച അബുദാബി-ഫുജൈറ റൂട്ടിലെ കംഫർട്ട് ക്ലാസ് നിരക്കിനേക്കാൾ (55 ദിർഹം) കുറഞ്ഞ നിരക്കാണിത്. അബുദാബി-ഫുജൈറ സർവീസിന് പ്രാരംഭഘട്ടത്തിൽ 70,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിയുകയും യാത്രക്കാർ ശരാശരി 12 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. യുഎഇയുടെ പാസഞ്ചർ റെയിൽ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഘട്ടം യാഥാർത്ഥ്യമാകുന്നത്.