ശക്തമായ മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ; പൂക്കോട്ടുപാടത്ത് കാണാതായ നാലുപേരെ തേടി രക്ഷാസംഘങ്ങൾ
അപകടത്തിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. തിരൂർ സ്വദേശി പരന്നപ്പറമ്പൻ മുഹമ്മദുകുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്
മലപ്പുറം: പൂക്കോട്ടുപാടം ടി.കെ നഗറിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ നാലുപേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 6.30ഓടെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. പുഴയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് ഇന്നലെ രാത്രിയിൽ തെരച്ചിൽ നിർത്തിവെച്ചിരുന്നു.
അപകടത്തിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. തിരൂർ സ്വദേശി പരന്നപ്പറമ്പൻ മുഹമ്മദുകുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന അനസിന്റെയും മുഹമ്മദുകുട്ടിയുടെയും മൃതദേഹങ്ങൾ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഇനിയും കണ്ടെത്താനുള്ളത് കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ നഗർ സ്വദേശി സജിത (26) എന്നിവരെയാണ്. ഇവരിൽ മൂന്ന് പേർ വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരം. ടി.കെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യയായ സജിത പുഴക്കടവിൽ വസ്ത്രം അലക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്.
ഇക്കോടൂറിസം കേന്ദ്രമായ ടി.കെ കോളനി കോട്ടപ്പുഴയിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദുരന്തമുണ്ടായത്. ഉൾവനത്തിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പെട്ടെന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക് രൂപപ്പെടുകയായിരുന്നു. പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഒഴുക്കും കാലാവസ്ഥയും വിലയിരുത്തിയാകും രക്ഷാപ്രവർത്തനം തുടരുക.
Comments ()