മലവെള്ളപ്പാച്ചിലിൽ അഞ്ചുമരണം; ഒരാൾക്കായി തിരച്ചിൽ, കോട്ടപ്പുഴയിൽ ദുരന്തത്തിന്റെ നടുക്കം
മരിച്ചവരിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ് (23), ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41) എന്നിവരാണ്.
മലപ്പുറം: പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ ഒഴുക്കിൽപ്പെട്ടവരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ടി.കെ. കോളനി സ്വദേശിനി സജിതയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മരിച്ചവരിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ് (23), ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41) എന്നിവരാണ്. കാളികാവ്–തിരൂർ റൂട്ടിലോടുന്ന ആർടിസി ബസിലെ കണ്ടക്ടറായിരുന്നു റഹീം. മങ്ങാടൻ ഹമീദിന്റെയും പാത്തുമോളുടെയും മകനായ അനസിന്റെ ഭാര്യ ഫാത്തിമ ഷെറിനാണ്.
അനസിന്റെയും മുഹമ്മദ്‌കുട്ടിയുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാത്രിയിൽ തന്നെ കണ്ടെത്തിയിരുന്നു. റഹീം, സജ്ജാദ്, റഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെയാണ് ലഭിച്ചത്. പൊട്ടിക്കല്ല് മുട്ടിക്കുണ്ട് ഭാഗത്തുനിന്നും ആന്റണിക്കാട് അസംപ്ഷൻ സ്കൂളിന് സമീപത്തുനിന്നുമാണ് വിവിധ ഘട്ടങ്ങളിലായി മൃതദേഹങ്ങൾ കണ്ടെത്തിയത്. അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കോട്ടപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നത്. അവധിദിനമായതിനാൽ ഒളർവട്ടം കനാൽ മുതൽ ടി.കെ. കോളനി വരെയുള്ള പുഴയോര മേഖലയിൽ നിരവധി പേർ എത്തിയിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര തുടങ്ങിയ ഭാഗങ്ങളിലും സന്ദർശകരുണ്ടായിരുന്നു.
മലവെള്ളം കുത്തിയെത്തിയതോടെ പലരും മരക്കൊമ്പുകളിലും പാറകളിലും കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത്തരത്തിൽ കുടുങ്ങിയ മുപ്പതോളം പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ശക്തമായ ഒഴുക്കും ഇരുട്ടും കാരണം ഞായറാഴ്ച രാത്രി 9.30ന് നിർത്തിവെച്ച തിരച്ചിൽ തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു.
അതിനിടെ, സംസ്ഥാനത്തെ വിവിധ മഴക്കെടുതികളിൽ മരണം ഒമ്പതായി ഉയർന്നു. കോട്ടയം, ഇടുക്കി ജില്ലകളിലും മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ആളുകൾ മരിച്ചു. ഇടുക്കിയിലെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ഏഴുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. സാഹസിക വിനോദകേന്ദ്രങ്ങൾ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. പഴയ മൂന്നാറിലും മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Comments ()