അനധികൃത താമസക്കാർക്കെതിരെ ബഹ്റൈൻ നടപടി കടുപ്പിക്കുന്നു; 15,210 പേർ നാടുകടത്തപ്പെട്ടു
സെപ്റ്റംബറിൽ മാത്രം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 4,675 പരിശോധനകൾ നടത്തി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 172 സംയുക്ത പരിശോധനാ ക്യാമ്പെയ്നുകളും സംഘടിപ്പിച്ചു. ഇതിനിടെ 67 അനധികൃത തൊഴിലാളികളെ പിടികൂടിയതായി എൽഎംആർഎ അറിയിച്ചു
മനാമ: ബഹ്റൈനിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരായ നടപടികൾ ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). സെപ്റ്റംബർ മാസത്തിൽ നടത്തിയ പരിശോധനകളുടെ ഭാഗമായി വിവിധ രാജ്യക്കാരായ 547 അനധികൃത താമസക്കാരെയാണ് രാജ്യത്തുനിന്ന് നാടുകടത്തിയത്.
സെപ്റ്റംബറിൽ മാത്രം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 4,675 പരിശോധനകൾ നടത്തി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 172 സംയുക്ത പരിശോധനാ ക്യാമ്പെയ്നുകളും സംഘടിപ്പിച്ചു. ഇതിനിടെ 67 അനധികൃത തൊഴിലാളികളെ പിടികൂടിയതായി എൽഎംആർഎ അറിയിച്ചു. സംയുക്ത പരിശോധനകളിൽ തലസ്ഥാന ഗവർണറേറ്റിലായിരുന്നു കൂടുതൽ നടപടികൾ; ഇവിടെ 74 ക്യാമ്പെയ്നുകൾ നടന്നു. മുഹറഖിൽ 57, നോർത്തേൺ ഗവർണറേറ്റിൽ 22, സതേണിൽ 19 ക്യാമ്പെയ്നുകളും നടത്തി.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് വിഭാഗം, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, കോസ്റ്റ് ഗാർഡ് എന്നിവ പരിശോധനകളിൽ പങ്കാളികളായി. വിവിധ മന്ത്രാലയങ്ങൾക്കും വാണിജ്യ, ആരോഗ്യ മേഖലകളിലെ ബന്ധപ്പെട്ട അതോറിറ്റികൾക്കും നടപടികളിൽ സഹകരണമുണ്ടായിരുന്നു.
2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 1,45,607 പരിശോധനകളും 2,815 സംയുക്ത ക്യാമ്പെയ്നുകളുമാണ് എൽഎംആർഎയുടെ നേതൃത്വത്തിൽ നടന്നത്. ഇതിൽ 4,304 പേരെ കസ്റ്റഡിയിലെടുക്കുകയും 15,210 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. തൊഴിൽ വിപണിയുടെ സുസ്ഥിരതയും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് നിയമലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടർന്നും ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
തൊഴിൽ നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് എൽഎംആർഎയുടെ ഔദ്യോഗിക വെബ്സൈറ്റ്, 17506055 എന്ന കോൾ സെന്റർ, സർക്കാർ ‘തവാസുൽ’ ആപ്പ് എന്നിവയിലൂടെ അധികൃതരെ അറിയിക്കാം.
Comments ()