ബാങ്കോക്ക് മുതൽ ഗൾഫ് വരെ; ശീതകാല സർവീസുകൾ വര്‍ധിപ്പിച്ച് പ്രഖ്യാപനവുമായി സിയാൽ

ബാങ്കോക്ക്-ഡോൺ മുവാങിലേക്കുള്ള നിലവിലെ സർവീസുകൾക്ക് പുറമെ ആഴ്ചയിൽ നാല് സർവീസുകൾ കൂടി ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസാണ് ഈ സർവീസുകൾ നടത്തുന്നത്. ഇതോടെ തായ്‌ലൻഡിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കും കൂടുതൽ സാധ്യതയൊരുങ്ങും

ബാങ്കോക്ക് മുതൽ ഗൾഫ് വരെ; ശീതകാല സർവീസുകൾ വര്‍ധിപ്പിച്ച് പ്രഖ്യാപനവുമായി  സിയാൽ

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെയുള്ള കാലയളവിൽ ബാങ്കോക്കിലേക്കടക്കം പുതിയ സർവീസുകൾ ഉൾപ്പെടുത്തി രാജ്യാന്തര, ആഭ്യന്തര കണക്ടിവിറ്റി കൂടുതൽ ശക്തമാക്കാനാണ് കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) തീരുമാനം.

ബാങ്കോക്ക്-ഡോൺ മുവാങിലേക്കുള്ള നിലവിലെ സർവീസുകൾക്ക് പുറമെ ആഴ്ചയിൽ നാല് സർവീസുകൾ കൂടി ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസാണ് ഈ സർവീസുകൾ നടത്തുന്നത്. ഇതോടെ തായ്‌ലൻഡിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കും കൂടുതൽ സാധ്യതയൊരുങ്ങും. നിലവിൽ ബാങ്കോക്ക്-ഡോൺ മുവാങിന് പുറമെ ക്വാലാലംപൂർ, സിംഗപ്പൂർ, മാലി, കൊളംബോ എന്നിവിടങ്ങളിലേക്കും കൊച്ചിയിൽ നിന്ന് സർവീസുകളുണ്ട്.

ഗൾഫ് മേഖലയിലേക്കും പുതിയ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുജൈറയിലേക്ക് ഇൻഡിഗോ ദിവസേന സർവീസ് നടത്തും. ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും പ്രതിദിന സർവീസുകൾ ഉണ്ടാകും. തെക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലെ ആറ് വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 93 സർവീസുകളാണ് നിലവിലുള്ളത്. ശീതകാല ഷെഡ്യൂളോടെ തായ്‌ലൻഡിലേക്കും ഫാർ ഈസ്റ്റിലെ മറ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാ സൗകര്യം കൂടുതൽ വിപുലമാകുമെന്ന് സിയാൽ അറിയിച്ചു.

ആഭ്യന്തര കണക്ടിവിറ്റിയിലും വർധനയുണ്ടാകും. കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ ദിവസേന സർവീസ് നടത്തും. രാജ്യത്തെ 13 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 465 അറൈവലുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ ബെംഗളൂരുവാണ് മുന്നിൽ. ആഭ്യന്തര വിമാന സർവീസുകളുടെ വർധനയും പുതിയ ഷെഡ്യൂളിൽ ശ്രദ്ധേയമാണ്.

വേനൽക്കാല ഷെഡ്യൂളിലെ ആഴ്ചയിലെ 1,544 സർവീസുകളിൽ നിന്ന് ശീതകാല ഷെഡ്യൂളിൽ ആകെ സർവീസുകൾ 1,766 ആയി ഉയരും. 14.4 ശതമാനമാണ് വർധന. ഇതിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന സർവീസുകൾ 881ഉം കൊച്ചിയിലേക്ക് എത്തുന്നവ 885ഉം ആയിരിക്കും. 32 വിമാനത്താവളങ്ങളിലേക്കായി 28 വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 252 വിമാന നീക്കങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനുള്ള നടപടികളും സിയാൽ പദ്ധതിയിടുന്നുണ്ട്. വീടുകളിൽ നിന്ന് ബാഗേജ് ശേഖരിക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്ന സംവിധാനങ്ങൾ നടപ്പാക്കും. പ്രത്യേക സഹായം ആവശ്യമായ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങളും ഒരുക്കുമെന്ന് സിയാൽ വ്യക്തമാക്കി.