പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മൂന്ന് ഭാര്യമാർ; പിന്നാലെ കൂട്ടത്തല്ലും നാടകീയ രംഗങ്ങളും
മലേഷ്യയിൽ നിന്ന് തിരിച്ചെത്തിയ യുവാവിനെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് മൂന്ന് സ്ത്രീകളും കാത്തുനിൽക്കുകയായിരുന്നു.
ധാക്ക: മലേഷ്യയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ബംഗ്ലദേശി പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാർ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിന് പുറത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തങ്ങളാണ് യുവാവിന്റെ യഥാർഥ ഭാര്യയെന്ന് അവകാശപ്പെട്ട് മൂന്ന് യുവതികൾ ഒരേസമയം എത്തിയതോടെയാണ് വിമാനത്താവള പരിസരം സംഘർഷഭരിതമായത്.
2026 നവംബർ 10-നായിരുന്നു സംഭവം. മലേഷ്യയിൽ നിന്നും വിമാനമിറങ്ങി പുറത്തുവന്ന യുവാവിനെ സ്വീകരിക്കാൻ മൂന്ന് സ്ത്രീകളും നേരത്തെ തന്നെ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. യുവാവിനെ കണ്ടതോടെ മൂവരും ഓടിയെത്തുകയും ഓരോരുത്തരും താനാണ് യഥാർഥ ഭാര്യയെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന് യുവാവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മൂവരും നിർബന്ധം പിടിച്ചതോടെ വാക്കേറ്റം രൂക്ഷമായി.
തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സ്ത്രീകൾ യുവാവിനെ മൂന്ന് ദിശകളിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങി. ഇതോടെ വിമാനത്താവളത്തിന് പുറത്ത് വൻ ബഹളമുണ്ടാവുകയും, നാടകീയ രംഗങ്ങൾ കാണാൻ ടെർമിനലിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Comments ()