കൊലക്കേസിൽ യുവാവ് ജയിലിൽ കിടന്നത് 2 വർഷം; 6 വർഷത്തിന് ശേഷം ‘കൊല്ലപ്പെട്ട’ യുവതി ജീവനോടെ തിരിച്ചെത്തി! ട്വിസ്റ്റ്

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 6 വർഷത്തിനു ശേഷം തിരികെയെത്തിയതോടെ പരാതിക്കാർ വെട്ടിലായി

കൊലക്കേസിൽ യുവാവ് ജയിലിൽ കിടന്നത് 2 വർഷം; 6 വർഷത്തിന് ശേഷം ‘കൊല്ലപ്പെട്ട’ യുവതി ജീവനോടെ തിരിച്ചെത്തി! ട്വിസ്റ്റ്

മൈസൂരു: കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ആറ് വർഷത്തിന് ശേഷം ജീവനോടെ തിരിച്ചെത്തിയതോടെ, കൊലപാതകക്കുറ്റത്തിന് രണ്ട് വർഷം ജയിലിൽ കിടന്ന യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. കർണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള പാണ്ഡവപുര ഗ്രാമത്തിലാണ് ഈ സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. എൻ. മഞ്ജു (35) എന്ന യുവതിയാണ് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയത്.

2019 ജൂണിലായിരുന്നു എല്ലാത്തിൻ്റെയും തുടക്കം. ശ്രീരംഗപട്ടണം സ്വദേശിയായ മഞ്ചുനാഥുമായി മഞ്ജുവിൻ്റെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഇരുവരും വേർപിരിഞ്ഞു. ഇതിനുശേഷം, ചാമരാജ്നഗർ സ്വദേശിയായ കാമുകൻ നാഗേന്ദ്രയ്ക്കൊപ്പം മഞ്ജു നാടുവിട്ടു. ചെന്നൈയിലെത്തിയ ഇവർ അവിടെ ജോലി ചെയ്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു.

മകളെ കാണാതായതോടെ പിതാവ് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും മകളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെ, 2021 ഓഗസ്റ്റിൽ പിതാവ് പൊലീസിൽ മറ്റൊരു പരാതി നൽകി. ബന്ധുകൂടിയായ രാജേഷ് മഞ്ജുവിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നായിരുന്നു ആ പരാതി.

ഇതനുസരിച്ച് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തു. മഞ്ജുവും രാജേഷും പ്രണയത്തിലായിരുന്നുവെന്നും, ഇതിലുണ്ടായ തർക്കത്തെത്തുടർന്ന് രാജേഷ് മഞ്ജുവിനെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, മഞ്ജുവിൻ്റെ മൃതദേഹം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഇതോടെ രണ്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം രാജേഷിന് ജാമ്യം ലഭിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപാണ് മഞ്ജു പാണ്ഡവപുരയ്ക്ക് അടുത്തുള്ള മായിഗൊനഹള്ളിയിൽ താമസിക്കാനെത്തിയത്. യുവതിയെ കണ്ട പ്രദേശവാസികൾ വഴി വിവരമറിഞ്ഞ രാജേഷും പിതാവ് രമേശും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ജു ജീവിച്ചിരിപ്പുണ്ടെന്ന് തെളിഞ്ഞത്.

തനിക്ക് രാജേഷുമായി യാതൊരു ബന്ധവുമില്ലെന്നും, താൻ കൊല്ലപ്പെട്ടെന്ന പേരിൽ ഒരു കേസ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് മഞ്ജു പൊലീസിനോട് പറഞ്ഞത്. നിലവിൽ മഞ്ജുവിനെ നാഗമംഗലയിലെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാജ പരാതി നൽകിയ പിതാവും കുടുംബവും ഇതോടെ വലിയ നിയമക്കുരുക്കിലായിരിക്കുകയാണ്.