വന്ദേഭാരതിലെ 'സഹായം' വിനയായി: ട്രെയിനിൽ കുടുങ്ങിയ 12 ബന്ധുക്കൾക്ക് 36,000 രൂപ പിഴ

യുപിയിലെ കാൺപുരിൽ നിന്നും എത്തിയ 12 പേരാണ് ബന്ധുവിനെ യാത്രയാക്കാനായി ഒപ്പം ട്രെയിനിൽ കയറിയത്.

വന്ദേഭാരതിലെ 'സഹായം' വിനയായി: ട്രെയിനിൽ കുടുങ്ങിയ 12 ബന്ധുക്കൾക്ക് 36,000 രൂപ പിഴ

ലക്നൗ ∙ റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ യാത്രയാക്കാൻ എത്തുമ്പോൾ ലഗേജുകൾ എടുത്തുവച്ച് നൽകാനായി ട്രെയിനിനുള്ളിൽ കയറുന്നത് പതിവാണ്. എന്നാൽ വന്ദേഭാരത് എക്സ്പ്രസിൽ ഇത്തരത്തിൽ 'സഹായിക്കാൻ' കയറുന്നവർക്ക് വലിയ വില നൽകേണ്ടി വരും. ഉത്തർപ്രദേശിൽ ബന്ധുവിനെ യാത്രയാക്കാൻ എത്തിയ 12 അംഗ സംഘത്തിന് റെയിൽവേ 36,000 രൂപയാണ് പിഴയിട്ടത്.

കാൺപുർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രാവിലെ 9.26-ന് സ്റ്റേഷനിലെത്തിയ വന്ദേഭാരത് ട്രെയിൻ നാല് മിനിറ്റിനുശേഷം 9.30-ന് യാത്ര തിരിച്ചു. ഇതിനിടെ, ബന്ധുവിന്റെ സാധനങ്ങൾ വയ്ക്കാനായി ട്രെയിനിൽ കയറിയ 12 പേർക്ക് സമയത്തിന് പുറത്തിറങ്ങാനായില്ല. ഓട്ടോമാറ്റിക് വാതിലുകൾ ഉള്ളതിനാൽ ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ പിന്നീട് പുറത്തിറങ്ങാൻ സാധിക്കില്ല.

തുടർന്ന്, വാതിലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇവർ ട്രെയിനിനുള്ളിൽ ബഹളം വച്ചു. എന്നാൽ അപ്പോഴേക്കും ട്രെയിൻ വേഗത കൈവരിച്ചിരുന്നു. ഒടുവിൽ, സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനിൽ രാവിലെ 10.49-ഓടെ ട്രെയിൻ നിർത്തി 12 പേരെയും പുറത്തിറക്കി.

റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ പ്ലാറ്റ്‌ഫോം ടിക്കറ്റ് പോലുമെടുക്കാതെയാണ് സ്റ്റേഷനിൽ പ്രവേശിച്ചതെന്ന് വ്യക്തമായി. ടിക്കറ്റില്ലാതെ സ്റ്റേഷനിൽ കടന്നതിനും വന്ദേഭാരതിൽ കയറിയതിനും ഒരാൾക്ക് 3,000 രൂപ വീതം ആകെ 36,000 രൂപയാണ് പിഴ ഈടാക്കിയത്. തുക അടച്ച ശേഷം, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന കർശന മുന്നറിയിപ്പോടെ പൊലീസ് ഇവരെ വിട്ടയച്ചു.