പെൺസുഹൃത്തിന് വീട് പണിയാൻ ജ്വല്ലറി കവർച്ച; മധുര കേസിലെ മുഖ്യപ്രതി പിടിയിൽ

പെൺസുഹൃത്ത് മീനാക്ഷിക്ക് വീട് നിർമിക്കാനുള്ള പണം കണ്ടെത്തുന്നതിനായാണ് നിഷാന്ത് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക വിവരം. കേസിൽ മീനാക്ഷിയെയും നിഷാന്തിന്റെ പിതാവിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

പെൺസുഹൃത്തിന് വീട് പണിയാൻ ജ്വല്ലറി കവർച്ച; മധുര കേസിലെ മുഖ്യപ്രതി പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ മധുര തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ കവർച്ചയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ. ധർമപുരിക്ക് സമീപം സേലത്തേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് ബസ് വളഞ്ഞതോടെ ജനൽവഴി പുറത്തേക്ക് ചാടി രക്ഷപ്പെടാൻ നിഷാന്ത് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി.

പെൺസുഹൃത്ത് മീനാക്ഷിക്ക് വീട് നിർമിക്കാനുള്ള പണം കണ്ടെത്തുന്നതിനായാണ് നിഷാന്ത് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക വിവരം. കേസിൽ മീനാക്ഷിയെയും നിഷാന്തിന്റെ പിതാവിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചയുടെ മുഖ്യ ആസൂത്രകൻ നിഷാന്താണെന്നാണ് മീനാക്ഷി മൊഴി നൽകിയിരിക്കുന്നത്.

നിഷാന്തിനെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലെ വിവിധ ജില്ലകൾക്ക് പുറമെ കേരളത്തിലും കർണാടകയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാൾ അവസാനമായി മീനാക്ഷിയുമായി ഫോണിൽ ബന്ധപ്പെട്ടത് തിരുപ്പൂരിൽ നിന്നാണെന്ന് കണ്ടെത്തിയതോടെയാണ് പടിഞ്ഞാറൻ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. നിഷാന്തിന്റെ അമ്മയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കവർച്ച ചെയ്ത സ്വർണത്തിൽ എത്രത്തോളം ഇയാളുടെ കൈവശമുണ്ടെന്നും മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താനാണ് ഇനി അന്വേഷണസംഘത്തിന്റെ നീക്കം. കവർച്ചയ്ക്ക് പിന്നിലെ മറ്റ് ബന്ധങ്ങളും പൊലീസ് പരിശോധിക്കും.