ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്
പണിമുടക്ക് ദിവസങ്ങളിൽ എടിഎം ഉപയോഗം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ ഓൺലൈൻ ഇടപാടുകൾക്കും തടസ്സമുണ്ടാകില്ല.
നാളെ മുതൽ ബാങ്കുകളിൽ മൂന്ന് ദിവസത്തെ പണിമുടക്ക് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ന് (ഞായർ) രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കും. തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്. ഇതനുസരിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും അനുബന്ധ സേവന സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവർത്തിക്കും. ഒക്ടോബർ രണ്ടിന് പൊതുഅവധിയായതിനാൽ ഈ ആഴ്ച ആകെ രണ്ടു ദിവസം മാത്രമായിരിക്കും ബാങ്കുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുക.
പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ വഴി നടത്തുന്ന ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ ലഭ്യമാകും. അതിനാൽ വായ്പാ ഗഡുക്കൾ കൃത്യമായി ഓൺലൈനായി അടയ്ക്കേണ്ടതാണ്. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള പണിമുടക്ക് ദിനങ്ങളിൽ എടിഎം ഉപയോഗത്തിന് ചാർജ് ഈടാക്കില്ല. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉൾപ്പെടെ എത്ര തവണ വേണമെങ്കിലും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളിൽ ആഴ്ചയിൽ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക, പെൻഷൻ പരിഷ്കരിക്കുക, നാഷണൽ പെൻഷൻ സ്കീമിലുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.
Comments ()