യാചകരോ അതോ കോടീശ്വരന്മാരോ? റേഞ്ച് റോവറില്‍ ഭിക്ഷാടിനത്തിന് എത്തിയ ദമ്പതികളെ കണ്ട് ഞെട്ടി പോലീസ്, അറസ്റ്റ്
ആഡംബര റേഞ്ച് റോവർ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീൻ പൊലീസ് അറസ്റ്റ് ചെയ്തു
ജറുസലേം: ആഡംബര റേഞ്ച് റോവര്‍ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ ജറുസലേമിലെ അബു ദിസ് നഗരത്തില്‍ വെച്ച് പലസ്തീന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 1,63,500 ഡോളര്‍ വിപണി മൂല്യമുള്ള റേഞ്ച് റോവര്‍ കാറിലാണ് ഇവര്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പതിവ് പട്രോളിംഗിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ പോലീസ് ശ്രദ്ധിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഭിക്ഷാടകനില്‍ നിന്ന് സ്വര്‍ണം പൂശിയ ഐഫോണ്‍ 17 പ്രോ മാക്‌സ് ഫോണും പോലീസ് കണ്ടെടുത്തു. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അതീവ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് പലസ്തീന്‍ പോലീസ് വക്താവ് കേണല്‍ ലുവായ് അര്‍സിഖത്ത് വ്യക്തമാക്കി.
പിടിച്ചെടുത്ത ആഡംബര റേഞ്ച് റോവര്‍ കാര്‍ ഇയാളുടെ സ്വന്തം പേരില്‍ തന്നെയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികള്‍ക്ക് വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളോ ബാങ്ക് അക്കൗണ്ടുകളോ ഉണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇവരുടെ മറ്റ് സ്ഥാവര-ജംഗമ വസ്തുക്കളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. അറസ്റ്റിലായ ദമ്പതികളെയും കാര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
Comments ()