ഭാര്യയുമായുള്ള തര്ക്കം, ഒരു കുടുംബത്തിലെ 7 പേലെ കൊലപ്പെടുത്തിയ പ്രതി 'ക്രൈംമാസിക ഉടമ'
കൊലപാതകങ്ങൾ കണ്ടുനടുങ്ങിയ 11കാരനെ കാറിൽ നഗരം ചുറ്റിച്ചു
ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഏഴുവയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴുപേരെ ടാക്സി ഡ്രൈവർ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ 16 നും 31 നും ഇടയിലുള്ള ദിവസങ്ങളിലാണ് രാജ്യത്തെത്തന്നെ നടുക്കിയ ഈ കൂട്ടക്കൊലപാതകം നടന്നത്. 'താനവരതി' എന്ന ക്രൈം മാസികയുടെ നടത്തിപ്പുകാരൻ കൂടിയായ രാജാജിനഗർ സ്വദേശി ഇന്ദുശേഖറാണ് (48) കേസിൽ പിടിയിലായത്.
സ്വന്തം ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇന്ദുശേഖർ തന്റെ 17 കാരിയായ മകളെയും ശങ്കറിന്റെ 11 വയസ്സുള്ള മകനെയും മാത്രം വെറുതെവിട്ടു.
ഭാര്യ സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോകുന്നതും, കുടുംബപ്രശ്നങ്ങളുണ്ടാകുമ്പോൾ ഭാര്യാവീട്ടുകാർ സുനിതയെ മാത്രം പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിൽ കടുത്ത വൈരാഗ്യമുണ്ടാക്കിയത്. ഇതാണ് മുഴുവൻ കുടുംബത്തെയും വകവരുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ആദ്യം ഭാര്യ സുനിതയെയാണ് ഇന്ദുശേഖർ വകവരുത്തിയത്. അരകല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊന്ന ശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഭാര്യ ടൂർ പോയിരിക്കുകയാണെന്ന് അയൽക്കാരെ വിശ്വസിപ്പിക്കുകയും അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ ഭാര്യാസഹോദരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശ്വാസം പിടിച്ചെടുത്ത് വിരുന്നിനായി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ഓരോരുത്തരെയായി കൊലപ്പെടുത്തി. മൃതദേഹങ്ങൾ മറവുചെയ്യുന്നതിനായി ഇയാൾ 17 വയസ്സുള്ള മകളുടെ സഹായം തേടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വന്തം കാറിൽ കയറ്റി ഷിറാഡി ചുരം, മൈസൂരു ചാമുണ്ഡി ഹിൽസ്, തമിഴ്നാട് സേലത്തിന് സമീപമുള്ള ഏർക്കാട് ചുരം എന്നിവിടങ്ങളിലെ വിജനമായ മലയോര മേഖലകളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലപ്പെട്ട നളിനിയെ കാണാനില്ലെന്ന് കാട്ടി അവരുടെ അമ്മ തുംഗമ്മ പോലീസിൽ നൽകിയ പരാതിയാണ് ഈ വൻ ദൂരൂഹതയുടെ ചുരുളഴിച്ചത്. പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരികയായിരുന്നു.
കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടിവന്ന നളിനിയുടെ 11 വയസ്സുള്ള മകൻ പോലീസിന് നൽകിയ മൊഴി നിർണ്ണായകമായി. കൊലപാതകങ്ങൾക്ക് ശേഷം ഭയന്നുവിറച്ച തന്നെ ഇന്ദുശേഖർ കാറിൽ ദിവസം മുഴുവൻ ചുറ്റിക്കറങ്ങിയെന്നും, അന്ന് രാത്രി കാറിൽത്തന്നെയാണ് ഉറങ്ങിയതെന്നും കുട്ടി പറഞ്ഞു. യാത്രാമധ്യേ പലയിടങ്ങളിലായി ഇയാൾ ചാക്കുകെട്ടുകൾ വഴിയിൽ ഉപേക്ഷിച്ചതായും കുട്ടി പോലീസിനോട് വെളിപ്പെടുത്തി. കേസിൽ ഇന്ദുശേഖറിനെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments ()