സൈനികർക്കൊപ്പമുള്ള ദീപാവലി പതിവ് തെറ്റിക്കാതെ മോദി,അയോധ്യയിൽ 30 ലക്ഷം ദീപങ്ങൾ തെളിഞ്ഞു

പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി സൈനികർക്കൊപ്പം ചെലവഴിക്കുമെന്ന് അറിയിച്ചു. ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന അദ്ദേഹം, നാളത്തെ ആഘോഷം സൈനികരോടൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കി

സൈനികർക്കൊപ്പമുള്ള ദീപാവലി പതിവ് തെറ്റിക്കാതെ മോദി,അയോധ്യയിൽ 30 ലക്ഷം ദീപങ്ങൾ തെളിഞ്ഞു

ദില്ലി: പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ രാജ്യം ഒരുങ്ങി. വീടുകളും തെരുവുകളും ദീപങ്ങളാലും വർണവിളക്കുകളാലും അലങ്കരിച്ച് ആഘോഷമുഹൂർത്തത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. മധുരപലഹാരങ്ങൾ കൈമാറിയും പടക്കങ്ങൾ പൊട്ടിച്ചും ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ വിവിധയിടങ്ങളിൽ പൂർത്തിയായി.

പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി സൈനികർക്കൊപ്പം ചെലവഴിക്കുമെന്ന് അറിയിച്ചു. ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന അദ്ദേഹം, നാളത്തെ ആഘോഷം സൈനികരോടൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കി. 2014ൽ പ്രധാനമന്ത്രിയായ ശേഷം എല്ലാ വർഷവും സൈനികർക്കൊപ്പം രാജ്യത്തിന്റെ വിവിധ അതിർത്തി മേഖലകളിലാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം ഗോവ-കാർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിലായിരുന്നു ആഘോഷം. അതിന് മുൻപ് ഗുജറാത്തിലെ കച്ചിലും 2023ൽ ഹിമാചൽ പ്രദേശിലെ ലെപ്ചയിലും അദ്ദേഹം സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചിരുന്നു.

അതേസമയം, ദീപാവലിക്ക് മുന്നോടിയായി അയോധ്യയിൽ നടന്ന ദീപോത്സവം നഗരത്തെ പ്രകാശപൂരിതമാക്കി. സരയൂ നദിയുടെ തീരത്തുള്ള 56 ഘാട്ടുകളിലായി ഏകദേശം 30 ലക്ഷം ദീപങ്ങളാണ് തെളിച്ചത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.

രാമായണത്തിലെ രംഗങ്ങൾ ആവിഷ്കരിച്ച 2,500 ഡ്രോണുകൾ ഉൾപ്പെട്ട പ്രത്യേക പ്രദർശനവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദേശരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഉൾപ്പെടെ നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അയോധ്യയിലും ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും സുരക്ഷ ഉറപ്പാക്കിയെന്ന് ഉപരാഷ്ട്രപതി ചടങ്ങിൽ പ്രശംസിച്ചു.