യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; 4 പേർ അറസ്റ്റിൽ
6.78 കോടി രൂപയുടെ വ്യാജനോട്ടുകളാണ് തെലങ്കാന പൊലീസ് പിടിച്ചെടുത്തത്.
ഹൈദരാബാദിൽ യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിക്കുകയും, വ്യാജ നോട്ടുകൾ നൽകാമെന്ന് വ്യാജേന വിളിച്ചുവരുത്തി ഇടപാടുകാരെ പൊലീസ് വേഷത്തിലെത്തി കൊള്ളയടിക്കുകയും ചെയ്ത നാലംഗ സംഘത്തെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. എം. കരുണാകർ, സി.എച്ച്. മാണിക്യ റെഡ്ഡി, സി.എച്ച്. രത്നാകർ റെഡ്ഡി, കെ. അജയ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.78 കോടി രൂപയുടെ വ്യാജ നോട്ടുകളും പൊലീസ് പിടിച്ചെടുത്തു.
നവംബർ ഒന്നിന് എൻഎച്ച്-65ൽ രാമോജി ഫിലിം സിറ്റിക്ക് സമീപം വിജയവാഡയിലേക്ക് കാറിൽ കള്ളനോട്ട് കടത്താൻ ശ്രമിക്കവേയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുള്ളപൂർമെട്ട് പൊലീസും ഷാദ്നഗർ സ്പെഷ്യൽ ഓപ്പറേഷൻസ് ടീമും ചേർന്ന് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചത്. കാറിൽ നിന്ന് 8 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കുന്തളൂരിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജനോട്ട് അച്ചടി കേന്ദ്രത്തെക്കുറിച്ച് വിവര ലഭിക്കുന്നത്. ഇവിടെ നടത്തിയ റെയ്ഡിൽ പ്രിന്ററുകൾ, ലാപ്ടോപ്പ്, കറൻസി കട്ടിംഗ് മെഷീനുകൾ, കള്ളനോട്ടുകളുടെ കെട്ടുകൾ എന്നിവ പിടിച്ചെടുത്തതായി ഫ്യൂച്ചർ സിറ്റി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു.
യഥാർത്ഥ 500 രൂപ നോട്ടുകൾ സ്കാൻ ചെയ്ത ശേഷം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വ്യാജ പതിപ്പുകൾ പ്രിന്റ് ചെയ്യുന്ന രീതി യൂട്യൂബ് വീഡിയോകളിലൂടെയാണ് പ്രധാന പ്രതിയായ കരുണാകർ പഠിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. തട്ടിപ്പിന്റെ ഭാഗമായി സംഘത്തിലെ രണ്ടുപേർ ആദ്യം യഥാർത്ഥ കറൻസി കാണിച്ച് വ്യാജനോട്ട് വാങ്ങാൻ താല്പര്യമുള്ളവരുടെ വിശ്വാസം പിടിച്ചെടുക്കും. തുടർന്ന് പണം കൈമാറാൻ ഇടപാടുകാർ എത്തുമ്പോൾ, വ്യാജ പൊലീസ് തിരിച്ചറിയൽ കാർഡുകൾ, വാക്കി-ടോക്കികൾ, ഡമ്മി പിസ്റ്റളുകൾ എന്നിവയുമായി സംഘത്തിലെ മറ്റുള്ളവർ പൊലീസ് വേഷത്തിലെത്തും. നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇടപാടുകാരുടെ കൈവശമുള്ള യഥാർത്ഥ പണവുമായി ഇവർ കടന്നുകളയുകയായിരുന്നു പതിവ്. ഇത്തരത്തിൽ രണ്ട് സംഭവങ്ങളിലായി സംഘം അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Comments ()