ബെംഗളൂരുവിലെ ക്രൂരകൃത്യത്തിന് പിന്നിൽ എഐ നിർദ്ദേശങ്ങളോ? ബെം​ഗളൂരുവിലെ മൂന്നുപേരുടെ കൊലപാതകം; പ്രതി ഓരോഘട്ടത്തിലും ആശ്രയിച്ചത് എഐ ചാറ്റ് ബോട്ടിനെ

കൊലപാതകം ആസൂത്രണം ചെയ്യാനായി എഐ സഹായവും തേടിയിരുന്നതായി റിപ്പോർട്ട്.

ബെംഗളൂരുവിലെ ക്രൂരകൃത്യത്തിന് പിന്നിൽ എഐ നിർദ്ദേശങ്ങളോ? ബെം​ഗളൂരുവിലെ മൂന്നുപേരുടെ കൊലപാതകം; പ്രതി ഓരോഘട്ടത്തിലും ആശ്രയിച്ചത് എഐ ചാറ്റ് ബോട്ടിനെ

ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയുടെ മാതാപിതാക്കളെയും സഹോദരിയെയും ദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ കെന്നത്ത് (25), കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം തേടിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

കൃത്യം നടപ്പിലാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും എഐ നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളുമാണ് പ്രതി ഉപയോഗപ്പെടുത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'ഗൂഗിൾ ജെമിനി' (Google Gemini) എഐ ചാറ്റ്‌ബോട്ടിലൂടെയാണ് പ്രതി ഇതിനായി ആശയവിനിമയം നടത്തിയത്. ഈ സാഹചര്യത്തിൽ, ചാറ്റ്‌ബോട്ടിൽ പ്രതി നടത്തിയ മുഴുവൻ സംഭാഷണങ്ങളുടെയും വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി പോലീസ് ഔദ്യോഗികമായി ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

ജൂൺ 22-നാണ് കെ.ആർ. പുരത്തെ നടുക്കിയ ത്രിഗുണ കൊലപാതകം നടക്കുന്നത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയമകൾ സുപ്രിയ (22) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സോമസുന്ദരം-മുത്തുലക്ഷ്മി ദമ്പതികളുടെ മൂത്തമകൾ ശ്വേതയും ഇവരുടെ ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ചേർന്നാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.

ശ്വേതയുടെ ഒത്താശയോടെ കെന്നത്താണ് മൂവരെയും വധിച്ചത്. ആദ്യം മുത്തുലക്ഷ്മിയെ ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതി, തുടർന്ന് വീട്ടിലെത്തി പതിയിരുന്ന് സോമസുന്ദരത്തെയും സുപ്രിയയെയും ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീട്ടിലുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കവർന്ന ഇരുവരും ഉടൻ തന്നെ പുതുച്ചേരിയിലേക്ക് കടന്നു. എന്നാൽ, തക്കസമയത്ത് ഇടപെട്ട പോലീസ് ജൂൺ 24-ന് തന്നെ രണ്ടുപേരെയും വലയിലാക്കി.