പ്രായവിവാദത്തിൽ മൊണാലിസയ്ക്ക് ആശ്വാസം; ജനനത്തീയതി തിരുത്തിയ തീരുമാനം റദ്ദാക്കി കോടതി

ജനനത്തീയതി തിരുത്തണമെന്നാവശ്യപ്പെട്ട് മൊണാലിസയുടെ പിതാവ് നൽകിയ അപേക്ഷയിൽ വീണ്ടും തീരുമാനം എടുക്കാൻ മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫിസർക്ക് കോടതി നിർദേശം നൽകി. എന്നാൽ ഇത്തവണ മൊണാലിസയ്ക്ക് നോട്ടീസ് നൽകി അവരുടെ വാദം കൂടി കേട്ടശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി

പ്രായവിവാദത്തിൽ മൊണാലിസയ്ക്ക് ആശ്വാസം; ജനനത്തീയതി തിരുത്തിയ തീരുമാനം റദ്ദാക്കി കോടതി

ഇൻഡോർ: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസയുടെ ജനനത്തീയതി രേഖകളിൽ മാറ്റം വരുത്തിയ മുനിസിപ്പൽ അധികൃതരുടെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. രേഖകളിലെ പ്രായം തിരുത്തുന്നതിന് മുമ്പ് അതുമായി നേരിട്ട് ബന്ധപ്പെട്ട വ്യക്തിയുടെ വാദം കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി അസാധുവാക്കിയത്.

ജനനത്തീയതി തിരുത്തണമെന്നാവശ്യപ്പെട്ട് മൊണാലിസയുടെ പിതാവ് നൽകിയ അപേക്ഷയിൽ വീണ്ടും തീരുമാനം എടുക്കാൻ മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫിസർക്ക് കോടതി നിർദേശം നൽകി. എന്നാൽ ഇത്തവണ മൊണാലിസയ്ക്ക് നോട്ടീസ് നൽകി അവരുടെ വാദം കൂടി കേട്ടശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

വിവാഹം തടയുന്നതിനായാണ് പിതാവ് ഔദ്യോഗിക രേഖകളിൽ തന്റെ പ്രായം കുറച്ചുകാണിച്ചതെന്നായിരുന്നു മൊണാലിസയുടെ ആരോപണം. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെയാണ് ജനനത്തീയതി മാറ്റാനുള്ള അപേക്ഷയിൽ അധികൃതർ തീരുമാനമെടുത്തതെന്നും അവർ കോടതിയെ അറിയിച്ചു.

2026 മാർച്ച് 11ന് തിരുവനന്തപുരത്ത് വെച്ച് മൊണാലിസ നടനായ ഫർമാൻ ഖാനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് പ്രായവുമായി ബന്ധപ്പെട്ട തർക്കം ശക്തമായത്. വിവാഹത്തിന് ശേഷം മൊണാലിസയുടെ പിതാവ് മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. തുടർന്ന് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മൊണാലിസ കേരള ഹൈക്കോടതിയെ സമീപിക്കുകയും വോട്ടർ ഐഡി, ആധാർ തുടങ്ങിയ രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അവർക്ക് പൊലീസ് സംരക്ഷണവും അനുവദിച്ചിരുന്നു.

അതേസമയം, മൊണാലിസയ്ക്ക് 16 വയസ് മാത്രമാണെന്നാണ് മധ്യപ്രദേശ് പൊലീസ് കോടതിയിൽ സ്വീകരിച്ച നിലപാട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ വ്യവസ്ഥകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.