കുത്തേറ്റപ്പോഴും പതറാതെ പോരാടി; 174 പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്; 'യഥാർത്ഥ ഹീറോ' എന്ന് ബെഞ്ചമിൻ നെതന്യാഹു

കുത്തേറ്റെങ്കിലും തളരാതെ പോരാടിയ അദ്ദേഹത്തിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

കുത്തേറ്റപ്പോഴും പതറാതെ പോരാടി; 174 പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്; 'യഥാർത്ഥ ഹീറോ' എന്ന് ബെഞ്ചമിൻ നെതന്യാഹു

വിമാനത്തിനുള്ളിൽ സഹപൈലറ്റ് നടത്തിയ മാരകമായ ആക്രമണത്തെ ധീരമായി ചെറുത്ത് 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദരിച്ചു. അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും പതറാതെ പോരാടിയ സ്മിത് മച്ചാറിന്റെ സമയയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ മച്ചാറിനെ "യഥാർത്ഥ ഹീറോ" എന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തിന് വേഗത്തിലുള്ള സൗഖ്യവും ആശംസിച്ചു.

ഫ്ളൈദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റ ശേഷവും സ്മിത് മച്ചാർ അക്രമിയെ നേരിടുകയും വിമാനത്തിന്റെ നിയന്ത്രണം കൈവിടാതെ കാത്തുസൂക്ഷിക്കുകയുമായിരുന്നു. തുടർന്ന് കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത് യാത്രക്കാർക്കും വിമാനജീവനക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കി. ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവനാണ് ഇതിലൂടെ രക്ഷപ്പെട്ടത്. നിലവിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി അധികൃതർ അറിയിച്ചു.

കഴിഞ്ഞ നാല് വർഷമായി ഫ്ളൈദുബായിൽ ജോലി ചെയ്യുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന് 9,750 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. ഫ്ളൈദുബായിൽ എത്തുന്നതിന് മുൻപ് പത്ത് വർഷത്തോളം സ്പൈസ് ജെറ്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 13 വർഷമായി ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ദ്ധനാണ്.