ചേരാനെല്ലൂരിലെ ബെൻസ് കാർ അപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു
പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും.
കൊച്ചി: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ಕೂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയായ ഹൈക്കോടതി ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമാണ് പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവ് കൂടിയായ ജഡ്ജിക്കെതിരെ ചേരാനല്ലൂർ പോലീസ് നടപടിയെടുത്തത്. ഇതിനിടെ, കഴിഞ്ഞ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും.
മോട്ടോർ വാഹന നിയമത്തിലെ 181 (ലൈസൻസില്ലാതെ വാഹനമോടിക്കൽ), 183 (അമിതവേഗത) എന്നീ വകുപ്പുകളാണ് പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി വാഹനമോടിക്കാറുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അമിതവേഗതയിൽ കാറോടിക്കുന്നതിന്റെ റീൽസ് ചിത്രീകരിക്കാനാണ് രാത്രി വൈകി 17-കാരൻ വാഹനവുമായി ഇറങ്ങിയത്. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ടത്. അപകടത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഞായറാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ കുഴഞ്ഞുവീണു. കേസിൽ നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബം പ്രതികരിച്ചു.
Comments ()