സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളം ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധത്തിനും വിലക്കുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട എന്നീ 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും. ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കനത്ത മഴ കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വയനാടൻ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദവും തമിഴ്നാട് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് നിലവിലെ മഴയ്ക്ക് കാരണം. കൂടാതെ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ഒക്ടോബർ 27-ഓടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments ()