കനത്ത മഴയ്ക്ക് സാധ്യത; പാലക്കാട് സ്കൂളുകൾക്കും കോളജുകൾക്കും അവധി

മുൻകൂട്ടി തീരുമാനിച്ച മേളകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം നടത്താമെന്നും കലക്ടർ വ്യക്തമാക്കി. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് നാളെ അവധി നൽകിയിരിക്കുന്നത്

കനത്ത മഴയ്ക്ക് സാധ്യത; പാലക്കാട് സ്കൂളുകൾക്കും കോളജുകൾക്കും അവധി

പാലക്കാട്: മഴയെ തുടർന്നുള്ള സാഹചര്യം പരിഗണിച്ച് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും അവധിയിൽ ഉൾപ്പെടും. എന്നാൽ നേരത്തേ നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് ജില്ലാ കലക്ടർ കെ. സുധീർ അറിയിച്ചു.

മുൻകൂട്ടി തീരുമാനിച്ച മേളകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം നടത്താമെന്നും കലക്ടർ വ്യക്തമാക്കി. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് നാളെ അവധി നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളും ജില്ലയിൽ മഴയുടെ നിലവിലെ സാഹചര്യവും വിലയിരുത്തിയാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. കാസർകോട് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. കാസർകോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കും. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.