അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ശ്രീഹരിയുടെ ഫോണിൽ കൂടുതൽ തെളിവുകൾ

പണം വാങ്ങി അശ്ലീല ചിത്രങ്ങൾ കൈമാറിയതായി സംശയിക്കുന്ന ടെലഗ്രാം ചാറ്റുകളും ഫോണിൽനിന്ന് കണ്ടെത്തിയതായി പരിശോധനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നു. ചിത്രങ്ങൾ കൈമാറുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ശ്രീഹരിയുടെ ഫോണിൽ കൂടുതൽ തെളിവുകൾ

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ടെലഗ്രാം ഗ്രൂപ്പുകളിലെ ഇടപാടുകളും വിവിധ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഫോണിൽനിന്ന് കണ്ടെത്തിയതെന്നാണ് വിവരം.

പണം വാങ്ങി അശ്ലീല ചിത്രങ്ങൾ കൈമാറിയതായി സംശയിക്കുന്ന ടെലഗ്രാം ചാറ്റുകളും ഫോണിൽനിന്ന് കണ്ടെത്തിയതായി പരിശോധനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നു. ചിത്രങ്ങൾ കൈമാറുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങളാണ് ഇത്തരം ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നതെന്നാണ് വിവരം. സാധാരണ ചിത്രങ്ങൾ ടെലഗ്രാം വഴി അയച്ചുനൽകിയ ശേഷം അവ മോർഫ് ചെയ്ത് തിരിച്ചയക്കുന്ന രീതിയാണ് ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ക്ലാസ് മുറികളിൽ അധ്യാപകർ പഠിപ്പിക്കുന്ന സമയത്ത് പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംശയം. കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മാത്രമല്ല, ഹോസ്റ്റലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫോണിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ശ്രീഹരിയുടെ ഗാലറിയിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിലേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതും അന്വേഷണത്തിൽ ഗൗരവമായ വിഷയമായി മാറിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എങ്ങനെ പകർത്തിയതാണെന്നും ആരാണ് അവ കൈമാറിയതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

ഫോണിലെ ഡിജിറ്റൽ വിവരങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ തുടരുകയാണ്. ചിത്രങ്ങൾ എത്രപേരുടെ കൈകളിലെത്തിയിട്ടുണ്ട്, ടെലഗ്രാം ഗ്രൂപ്പുകൾക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.